ന്യൂഡല്‍ഹി: ആദ്യവിവാഹം മറച്ചുവച്ച് വീണ്ടും വിവാഹിതയായ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഗ്രേറ്റര്‍ നോയിഡ സ്വദേശികളായ മനീഷ കോലി (34), ഗിരീഷ് ഭട്ട്‌നഗര്‍ (47) എന്നിവരാണ് മരിച്ചത്. നോയിഡയിലെ ഗാലക്‌സി വെഗാ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മനീഷയെ ഫോണില്‍ കിട്ടാതിരുന്ന ബന്ധുക്കള്‍, അപ്പാര്‍ട്ട്‌മെന്റില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മനീഷയുടെ മൃതദേഹം. കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങിയാണ് ഗിരീഷ് ആത്മഹത്യ ചെയ്തത്. 2016ലാണ് മനീഷ കോഹ്‌ലിയെ ഗിരീഷ് ഭട്‌നാഗര്‍ വിവാഹം ചെയ്യുന്നത്. ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഗിരീഷിന്റെ സഹോദരിയും ദമ്പതികളും ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മനീഷയുടേത് രണ്ടാം വിവാഹമായിരുന്നെന്ന് ഗിരീഷിന് വിവരം ലഭിച്ചത്.
ആദ്യവിവാഹം മറച്ചുവച്ച് തന്നെ വഞ്ചിച്ചെന്ന് പറഞ്ഞ് ഗിരീഷും മനീഷയും നിരന്തരം വഴക്കിട്ടിരുന്നു. സഹോദരിയുമായി ഗിരീഷിന് അവിഹിതബന്ധമുണ്ടെന്ന് മനീഷ ആരോപിച്ചിരുന്നു. ഇതിനെചൊല്ലിയും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. കൊലപാതകം നടന്ന തിങ്കളാഴ്ചയും ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നതായാണ് പോലീസ് പറഞ്ഞത്. ഈ വഴക്കിനിടെയാണ് ഗിരീഷ് ഭാര്യയെ കൊലപ്പെടുത്തിയത്.
ഇതിനുപിന്നാലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി ഗിരീഷും ജീവനൊടുക്കി. മുറിയില്‍ നിന്ന് ഗിരീഷിന്റെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. നീഷ ആദ്യവിവാഹം മറച്ചുവെച്ചതും, സഹോദരിയെ കുറ്റപ്പെടുത്തുന്നതും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവം നടക്കുമ്പോള്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സഹോദരി അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.