കാമുകിയുമായി സൗഹൃദം: യുവാവ് സുഹൃത്തിനെ കൊന്ന് കിണറ്റിലിട്ടു

ക്രൈം ഡെസ്‌ക്
കോട്ടയം: പള്ളിക്കത്തോട്ടിൽ കിണറ്റിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. കാമുകിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്ത്ായ യുവാവ് കാഞ്ഞിരം മലേക്കേരിയിൽ (കോണത്തമ്പത്ത്) അഭിജിത്തിനെ (24) കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയായിരുന്നു എന്നു പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്തിന്റെ സുഹൃത്ത് പള്ളിക്കത്തോട് മൈലാടിക്കര നന്തികാട്ട് ജിജോ ജോർജിനെ(25) പാമ്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം റസ്റ്റ് ചെയ്തു. പെൺസുഹൃത്തുമായുണ്ടായ ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
കാഞ്ഞിരത്തെ വീട്ടിൽ നിന്നു പള്ളിക്കത്തോട് മയിലാടിക്കര പള്ളിയിൽ പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു അഭിജിത്ത്. പിതാവ് ജോർജിനും, മാതാവ് പൊന്നമ്മയ്ക്കുമൊപ്പമാണ് അഭിജിത്ത് പെരുന്നാളിൽ പങ്കെടുക്കുന്നതിനായി പോയത്. എന്നാൽ, ഇടയ്ക്കു വച്ചു കാണാതായ അഭിജിത്തിനെ പിറ്റേന്ന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിജോയ്‌ക്കൊപ്പമാണ് അഭിജിത്ത് അവസാനമായി പോയതെന്നു കണ്ടെത്തിയത്. ജിജോ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ ബവ്‌റീജസ് ഷോപ്പിൽ നിന്നു മദ്യവും വാങ്ങിയാണ് രണ്ടു പേരും പോയതെന്നും പൊലീസ് കണ്ടെത്തി. തുടർന്നു ജിജോയെ ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ, ഡിവൈഎസ്പി കെ.എം ജിജിമോൻ, പള്ളിക്കത്തോട് എസ്‌ഐ അനിൽകുമാർ, നിഴൽ പൊലീസ് സംഘാംഗങ്ങളും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരുമായ അഭിലാഷ്, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ജിജോയുടെ കാമുകിയായിരുന്ന പെൺകുട്ടിയും അഭിജിത്തും തമ്മിൽ ഇപ്പോൾ സൗഹൃദത്തിലായിരുന്നു. ഈ ബന്ധം തകർക്കുന്നതിനു വേണ്ടിയാണ് ജിജോ അഭിജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നു നിർദേശിച്ച് ജിജോ അഭിജിത്തിനെയുമായി സ്വന്തം വീട്ടിലെത്തുകയായിരുന്നു. ഇവിടെ ഇരുന്നു മദ്യപിച്ച ഇരുവരും പിന്നീട് പുറത്തേയ്ക്കിറങ്ങി. അഭിജിത്തിനു കൂടുതൽ മദ്യവും ജിജോ നൽകി. മദ്യപിച്ചു പാതിബോധാവസ്ഥയിലായ അഭിജിത്തിനെ സമീപത്തെ കിണറ്റിലേയ്ക്കു തള്ളിയിടുകയായിരുന്നു. അഭിജിത്തിനെ വിളിച്ച ജിജോയുടെ കോളുകളും, മൊഴിയും കേസിൽ നിർണായക തെളിവായി. താൻ പള്ളിയിൽ വച്ചു മാത്രമാണ് അഭിജിത്തിനെ കണ്ടതെന്നായിരുന്നു ജിജോയുടെ മൊഴി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Top