ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി 23 മരണം,അട്ടിമറി സാധ്യത സംശയിക്കുന്നു.

മുസാഫര്‍ നഗര്‍:  ഉത്തര്പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണസംഖ്യ  ഇരുവത്തിമൂന്നായി . പുരി-ഹരിദ്വാര്‍ കലിംഗ ഉത്കല്‍ എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. 150ഓളം പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ അട്ടിമറി സാധ്യത സംശയിക്കുന്നതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

ഇന്ന് വൈകുന്നേരം 5.45ഓടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഃഖം രേഖപ്പെടുത്തി. ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.സ്ഥിതിഗതികള്‍ റെയില്‍വേ മന്ത്രാലയം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് റാണ, സതീഷ് മഹാന എന്നീ രണ്ട് സംസ്ഥാന മന്ത്രിമാരെ അപകട സ്ഥലത്തേക്ക് അയച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ ദുരന്ത നിവാരണ സേനയുടെ 45 അംഗങ്ങള്‍ വീതം അടങ്ങുന്ന രണ്ട് ടീം അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് കേന്ദ്ര മന്ത്രി സഞ്ജീവ് ബലിയനും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിന്റെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന് യുപി പോലീസ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.

അട്ടിമറി സാധ്യതയുടെ    അടിസ്ഥാനത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ഒരു വർഷത്തിനിടെ അഞ്ച് ട്രെയിൻ അപകടങ്ങളാണ് യുപിയിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിനു കാരണമെന്ന് അധികൃതർ അറിയിച്ചു.

കേന്ദ്രമന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാൻ, മനോജ് സിൻഹ എന്നിവർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ടതായി മനോജ് സിൻഹ പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംഭവത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ അനുശോചിച്ചു.

റെയിൽവെ മന്ത്രാലയവും യുപി സർക്കാരും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പരുക്കേറ്റവരെ രക്ഷിക്കാൻ എല്ലാവിധ സഹായങ്ങളും ചികിൽസകളും ഉറപ്പാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു. അപകട സ്ഥലത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനായി രണ്ടു മന്ത്രിമാരെ സംസ്ഥാന സർക്കാർ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top