
ഛണ്ഡീഗഡ്: മുൻപ് ഇസ്‌ലാം മതത്തിലേക്ക് നിർബന്ധിത പരിവർത്തനം ചെയ്യപ്പെട്ട 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് തിരികയെത്തി .ഹരിയാന ബിധ്മിരയിലെ ഹിസാർ ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു എൺപതുകാരിയുടെ സംസ്കാര ചടങ്ങുകൾക്ക് ഒപ്പം മറ്റൊന്നുകൂടി നടന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ വലഞ്ഞ ഫൂലി ദേവി എന്ന വയോധികയുടെ സംസ്കാര ചടങ്ങുകൾ ഹൈന്ദവ ആചാരപ്രകാരം നടത്തിയ ശേഷം നാൽപതോളം മുസ്ലീം കുടുംബങ്ങള്‍ ഹിന്ദു മതം സ്വീകരിച്ചു എന്ന പ്രഖ്യാപനവും ഇവിടെ നടത്തി.
നേരത്തെ തന്നെ ഹൈന്ദവ ആചാരങ്ങളാണ് തങ്ങൾ പിന്തുടർന്ന് വന്നിരുന്നതെന്നാണ് സത്ബീർ പറയുന്നത്.ഡോം എന്ന ജാതിയിൽ പെട്ട ഇവർ ഹൈന്ദവ പാരമ്പര്യം ഉള്ളവരാണെന്നും മുഗൾ രാജാവായ ഔറംഗസേബിന്റെ ഭരണകാലത്ത് ഇസ്ലാം വിശ്വാസത്തിലേക്ക് നിർബന്ധിത പരിവർത്തനം ചെയ്യപ്പെട്ടതാണെന്നും ഇവര്‍ പറയുന്നു.
‘സ്വാതന്ത്ര്യം ലഭിച്ചത് മുതൽ തന്നെ ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടർന്ന് യഥാർത്ഥ വിശ്വാസത്തിലേക്ക് തന്നെ പതിയെ മടങ്ങിത്തുടങ്ങിയിരുന്നു പക്ഷെ മരണാനന്തര ചടങ്ങ് മാത്രം ഇസ്ലാമിക രീതിയിലും.. ആ ഒരു കാര്യത്തിൽ മാത്രമാണ് ഗ്രാമത്തിലെ മറ്റുള്ളവരില്‍ നിന്ന് ഞങ്ങൾ വ്യത്യസ്തരായത്. അല്ലാത്തപക്ഷം ഞങ്ങൾ ഹൈന്ദവരായി തന്നെയായിരുന്നു ജീവിച്ചിരുന്നത്..’എന്നാണ് സത്ബീറിന്റെ വാക്കുകള്‍. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫൂലി ദേവി മരിച്ചതോടെ അവരുടെ ആഗ്രഹം പ്രകാരം ഹൈന്ദവ ആചാരം അനുസരിച്ച് ദഹിപ്പിച്ച ശേഷം കുടുംബം മുഴുവൻ പൂർണ്ണമായും ഹൈന്ദവ വിശ്വാസികളായെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അമ്മയുടെ അന്തിമ ചടങ്ങ് ഹൈന്ദവ ആചാര പ്രകാരം നടത്തി അവസാന കണ്ണിയും പൊട്ടിച്ചു.. ഈ കുടുംബത്തിൽ നിന്നും പൂർണ്ണമായും ഹിന്ദു മതം സ്വീകരിച്ച ആദ്യ വ്യക്തിയായി അവർ’ മകനായ സത്ബീർ പറഞ്ഞു. ഫൂലി ദേവിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗ്രാമവാസികൾ മുഴുവൻ കുടുംബത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.