കൊച്ചി:മുസ്ലിം ലീഗിന് മൂന്ന് സീറ്റുകൾ അർഹതപ്പെട്ട അവകാശമാണ് .ലീഗിന്റെ നിയമസഭയിലെ ബലം അനുസരിച്ച് പത്ത് സീറ്റ് വരെ ചോദിക്കാനുള്ള അവകാശവും അർഹതയും ഉണ്ട്. ന്യായവുമാണ് അവരുടെ ചോദ്യം .വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് മൂന്നാംസീറ്റ് ചോദിച്ച് വാങ്ങണമെന്നും സമവായത്തിന്റെ പാത ഉപേക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി ഇകെ സുന്നി മുഖപത്രമായ സുപ്രഭാതം എഴുതിയിരുന്നു . മൂന്നാമത്തെ സീറ്റ് മുസ്ലിം ലീഗിന് ബാധ്യതയോ? എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ലീഗിന്റെ വോട്ടുബാങ്കായ ഇകെ വിഭാഗം മൂന്ന് സീറ്റില്‍ മത്സരിക്കേണ്ടതിനെക്കുറിച്ച് വ്യക്തമാക്കുന്നത്.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് മൂന്ന് സീറ്റില്‍ മത്സരിക്കണമെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനാത്മകമായി മുസ്ലിംലീഗിന്റെ സമീപനത്തെ മുന്‍നിര്‍ത്തിയുളള എഡിറ്റോറിയല്‍.
കൊടപ്പനക്കല്‍ കുടുംബത്തിലെ ഇളംതലമുറയില്‍നിന്ന് ഇത്തരമൊരാവശ്യം ഉയര്‍ന്നുവന്നത് ശ്രദ്ധേയമാണ്. അണികളുടെ വര്‍ഷങ്ങളായുള്ള അഭിലാഷമാണ് സാമൂഹ്യ മാധ്യമത്തില്‍ അദ്ദേഹം എഴുതിയ കുറിപ്പില്‍ പ്രകടിപ്പിച്ചത്. ലീഗ് മൂന്നു ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നത് അണികള്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും എന്നാല്‍ നേതൃത്വം ഇക്കാര്യം അറിഞ്ഞ മട്ടുപോലുമില്ലെന്നും മുഈനലി പറയുന്നതും പത്രം ചൂണ്ടിക്കാട്ടുന്നു.
അത്സമയം പാലക്കാട് ലോക്സഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വം. മൂന്ന് സീറ്റ് വേണമെന്ന് യു.ഡി.എഫില്‍ ആവശ്യപ്പെടുമെന്ന് സംസ്ഥാന നേതൃത്വം സൂചന നല്‍കിയതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയുടെ രംഗപ്രവേശം. സംഘടനാ ശേഷിയില്ലാത്ത എസ്.ജെ.ഡിക്കാണ് കഴിഞ്ഞ തവണ സീറ്റ് നല്‍കിയതെന്നും ജില്ലാ ഭാരവാഹികള്‍ മീഡിയവണിനോട് പറഞ്ഞു. എന്നാല്‍ സീറ്റിന്‍റെ കാര്യം പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചത്.
മുസ്‍ലിം ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി എം.എസ് നാസര്‍, സീനിയര്‍ വൈസ് പ്രസിഡന്‍റ് എം.എം ഹമീദ് എന്നിവരാണ് പാലക്കാട് സീറ്റില്‍ അവകാശമുന്നയിച്ച് പരസ്യമായി രംഗത്തെത്തിയത്. ഒരു സംഘടനാശേഷിയുമില്ലാത്ത എസ്.ജെ.ഡിക്ക് മത്സരിക്കാമെങ്കില്‍ ലീഗിന് എന്തുകൊണ്ടും പാലക്കാട് സീറ്റിന് അര്‍ഹതയുണ്ടെന്നാണ് ഇവരുടെ വാദം.മണ്ഡലത്തില്‍ വിപുലമായ സംഘടനാ ശേഷിയുള്ള ലീഗ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം കോണ്‍ഗ്രസിന് ഒപ്പംനില്‍ക്കുന്ന പാര്‍ട്ടിയാണ്. പാലക്കാട് സീറ്റ് വേണമെന്ന അവകാശവാദത്തെ നിരാകരിക്കാന്‍ സംസ്ഥാന നേതൃത്വവും തയാറായില്ല. സീറ്റിന്റെ കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നാണ് കെ.പി.എ മജീദിന്‍റെ പ്രതികരണം. കഴിഞ്ഞ തവണ മല്‍സരിച്ച ഘടകക്ഷിയായ എസ്.ജെ.ഡി മുന്നണിവിട്ട സാഹചര്യത്തിലാണ് പാലക്കാട് സീറ്റില്‍ ലീഗ് കണ്ണുവക്കുന്നത്.