തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് ചെന്നിത്തലക്ക് കലികാലം ! ചെന്നിത്തലയേയും മുല്ലപ്പള്ളിയെയും തെറിപ്പിക്കാൻ മുസ്ലിം ലീഗിന്റെ കരുനീക്കം ശക്തമായി .കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് ഘടകകക്ഷികൾ ആണ് ഉന്നയിച്ചിരിക്കുന്നത് .ഇതോടെ കോണ്‍ഗ്രസില്‍ പുകഞ്ഞുനീറിയ അതൃപ്തി വെടിപ്പുരയ്ക്ക് തീപിടിച്ച മട്ടിലായി. ആദ്യം മുല്ലപ്പള്ളിയെ വീഴ്ത്തുക, അടുത്ത ഉന്നം രമേശ് ചെന്നിത്തല ഇതാണ് മുസ്ലിംലീഗും ആര്‍എസ്പിയും പി ജെ ജോസഫും അടങ്ങിയ കുറുമുന്നണിയുടെ രഹസ്യതന്ത്രം. നഷ്ടമായ ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ വരണമെന്ന വ്യക്തമായ സൂചന അവര്‍ നല്‍കിക്കഴിഞ്ഞു.
കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് മാനേജര്‍മാരും കുറുമുന്നണിക്ക് എണ്ണയൊഴിച്ച് മറഞ്ഞുനില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ മൗനം ആയുധം രാകിമിനുക്കുന്ന ഇടവേളമാത്രം. മുല്ലപ്പള്ളിക്കെതിരായ കുറ്റപ്പത്രം പി കെ കുഞ്ഞാലിക്കുട്ടിയും ആര്‍എസ്പിയും കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്ബില്‍ നിരത്തിയിട്ടുണ്ട്. യുഡിഎഫിന് നഷ്ടമായ ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കുന്നതിന് പ്രാപ്തിയുള്ളവര്‍ നേതൃത്വത്തില്‍ വരണമെന്ന് മുസ്ലിംലീഗ് പൊതിഞ്ഞുപറയുമ്ബോഴും ഉന്നം ഉമ്മന്‍ചാണ്ടിയുടെ വരവാണ്.
കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് മാത്രമല്ല, ഒരു പടികൂടി കടന്ന് ഉമ്മന്‍ചാണ്ടിക്കുവേണ്ടിയും വാദമുയര്‍ത്തുന്നതില്‍ രമേശ് ചെന്നിത്തലയും ഭീതിയിലാണ്. കോണ്‍ഗ്രസ് നേതൃമാറ്റം ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നതിലെ വൈചിത്ര്യം മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതോടെ മുസ്ലിംലീഗിന്റെ കള്ളി വെളിച്ചത്തായി. ഒരു ലീഗ് നേതാവും അങ്ങനെ ആവശ്യപ്പെട്ടില്ലെന്നാണ് ഇതിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുവാദം. എന്നാല്‍, കാര്യങ്ങള്‍ പന്തിയല്ലെന്ന് മുല്ലപ്പള്ളിയുടെ ശരീരഭാഷതന്നെ തെളിവാണ്.കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികള്‍ തീക്ഷ്ണമായ നിലപാട് സ്വീകരിച്ചിട്ടും അതിനെതിരെ നട്ടെല്ല് നിവര്‍ത്തി ഒരു വാക്ക് പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന വികാരവും ശക്തമാണ്.