ഷിക്കാഗോ: വിമാനത്തിനുള്ളിലും വര്‍ണ വിവേചനമോ? ചോദിക്കുന്നത് മുസ്ലീം യുവതിയാണ്. സൗന്ദര്യമുള്ളവര്‍ക്ക് മാത്രം കയറാന്‍ സാധിക്കുന്ന വാഹനമാണോ വിമാനമെന്ന് യുവതി ചോദിക്കുന്നു. കഴിഞ്ഞ ദിവസം വിമാനത്തില്‍ നിന്നും ഒരു മുസ്ലീം യുവതിയെ ഇറക്കി വിട്ട വാര്‍ത്ത വന്നിരുന്നു. ചിക്കാഡോയില്‍ നിന്നും സിയാറ്റിലേക്കുള്ള സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിലെ യാത്രക്കാരിയെയാണ് സംശയകരമായ സാഹചര്യത്തില്‍ ഇറക്കി വിട്ടത്.
ഹക്കിമ അബ്ദുള്ള സഹയാത്രികനുമായി സീറ്റ് മാറിയതിനെ തുടര്‍ന്ന് എയര്‍ഹോസ്റ്റസിന് മുസ്ലീം യുവതിയുടെ പേരില്‍ സംശയം തോന്നുകയും അവരെ വിമാനത്തില്‍ നിന്നിറക്കി വിടുകയുമായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ തൊലി വെളുക്കാത്ത നമ്മള്‍ വിമാനത്തില്‍ കയറിയാല്‍ വാ പൂട്ടി ഇരിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ ഈ മുസ്ലീം യുവതിയുടെ അനുഭവം നമുക്കുമുണ്ടായേക്കാം.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹക്കിമയുടെ ഭര്‍ത്താവായ അബുകര്‍ ഫദാ രംഗത്തെത്തിയിട്ടുണ്ട്. ഇത് വംശീയപരമായ കാരണത്താലാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഹക്കിമ മുസ്ലീമായതിനാലും മതപരമായ വസ്ത്രം ധരിച്ചതിനാലുമാണ് തന്റെ ഭാര്യയ്ക്ക് ഇത്തരത്തിലുള്ള അവസ്ഥ അനുഭവിക്കേണ്ടി വന്നതെന്നാണ് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കവെ ഫിദാ വെളിപ്പെടുത്തിയിരിക്കുന്നത്.
സോമാലിയ സ്വദേശിയായ ഹക്കിമ ഹിജാബ് ധരിച്ചായിരുന്നു വിമാനത്തില്‍ കയറിയിരുന്നത്.പ്രസവിക്കാന്‍ കിടക്കുന്ന തന്റെ മരുമകളെ സഹായിക്കാന്‍ വേണ്ടിയുള്ള യാത്രയ്ക്കിടയിലാണ് ഹക്കിമയ്ക്ക് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.ഐല്‍ സീറ്റ് തനിക്ക് തരുമോയെന്ന് ഹക്കിമ ഒരു സഹയാത്രക്കാരനോട് ചോദിക്കുകയും അയാള്‍ അത് സന്തോഷത്തോടെ അവര്‍ക്ക് കൈമാറുകയുമായിരുന്നു. ഇതാണ് എയര്‍ഹോസ്റ്റസിന് സംശയം ജനിപ്പിച്ചത്.തന്റെ ഭാര്യയെ വിമാനത്തില്‍ നിന്നിറക്കി വിട്ടതിന്റെ കാരണം താന്‍ വിമാനക്കമ്പനിയോട് ചോദിച്ചെങ്കിലും അവര്‍ മറുപടി തരാതെ അവഗണിക്കുകയായിരുന്നുവെന്നാണ് ഫദാ പറയുന്നത്.
ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത തന്റെ ഭാര്യ ആ സമയത്ത് അവഹേളനങ്ങളെല്ലാം കണ്ണീര്‍ പൊഴിച്ച് കൊണ്ട് അനുഭവിക്കുകയായിരുന്നുവെന്നും ഫദാ പറയുന്നു.
വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതിന് ശേഷം ഹക്കിമയെ ടിക്കറ്റ് ഡെക്സിനടുത്ത് തിരിച്ചെത്തിക്കുകയും നിരവധി മണിക്കൂറുകള്‍ കാത്തിരിപ്പിച്ച ശേഷമാണ് അടുത്ത വിമാനത്തില്‍ കയറാന്‍ അനുവദിച്ചതെന്നും ആരോപണമുയരുന്നുണ്ട്.ഹക്കിമയെ എന്തുകൊണ്ടാണ് വിമാനത്തില്‍ നിന്നിറക്കി വിട്ടതെന്ന് പൊലീസ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഹോസ്റ്റസിനോട് ചോദിച്ചെങ്കിലും അവര്‍ വ്യക്തമായ മറുപടിയേകിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എയര്‍ലൈനും ഇതിന് വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. യാത്രക്കാരിയുടെ വിമാനത്തിനകത്തെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാലാണ് ഹോസ്റ്റസ് അവരെ നീക്കം ചെയ്തതെന്നാണ് വിമാനക്കമ്പനി പറയുന്നത്.