ഹൈദരാബാദ്: ‘എന്റെ പേര് രോഹിത് വെമുല… ഞാന്‍ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള ഒരു ദലിതനാണ്’. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുല പറയുന്ന വീഡിയോ പുറത്ത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ രോഹിത് വേമുല ദലിത് സമുദായത്തില്‍പ്പെട്ടയാളെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണു വിഡിയോ പുറത്തുവന്നത്.
രോഹിതിന്റെ സുഹൃത്തുക്കളാണ് വിഡിയോ പുറത്തുവിട്ടത്. ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലാ ഹോസ്റ്റലില്‍നിന്നു പുറത്താക്കപ്പെട്ടശേഷം കൂട്ടുകാര്‍ക്കൊപ്പം താമസിച്ച താല്‍ക്കാലിക കൂടാരത്തിലിരുന്നു തന്നെയും തന്റെ പശ്ചാത്തലത്തെയുംപറ്റി രോഹിത് വിവരിക്കുന്നതാണു വിഡിയോയിലുള്ളത്. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള ദലിതനാണു താനെന്നും അമ്മയാണു തന്നെ വളര്‍ത്തിയതെന്നും രോഹിത് പറയുന്നു.
Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി
ഒരു കൂലിപ്പണിക്കാരന്റെ മകനാണ് താനെന്നും അമ്മയാണ് വളര്‍ത്തിയതെന്നും രോഹിത് വിഡിയോയില്‍ പറയുന്നുണ്ട്. ഗവേഷണ ഫെലോഷിപ് കിട്ടയതിനാല്‍ മെറിറ്റിലാണ് സര്‍വകലാശാലയില്‍ പ്രവേശം കിട്ടിയതെന്നും രോഹിത് പറയുന്നുണ്ട്. രോഹിതിന്റെ ലാപ്‌ടോപ്പില്‍നിന്ന് അടുത്തിടെയാണ് ഈ വിഡിയോ ലഭിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
രോഹിതിന്റെ മാതാവ് വി. രാധിക ദലിത് വിഭാഗമായ ‘മാല’യില്‍പെട്ടതാണെന്നതിന് തെളിവില്ലെന്നാണ് ജസ്റ്റിസ് രൂപന്‍വാള്‍ കമീഷന്‍ ഈമാസം ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. രോഹിതിന്റെ മരണം ദളിത് വിവചേനം കാരണമല്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണെന്നുമാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഹിത് വേമുലയുടെ ആത്മഹത്യയിലേക്കു നയിച്ചതു സര്‍വകലാശാലയുടെ ജാതിവിവേചനമാണെന്നു വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണു കേന്ദ്ര മാനവശേഷി മന്ത്രാലയം ജസ്റ്റിസ് രൂപന്‍വാള്‍ കമ്മിഷനെ നിയോഗിച്ചത്. ആരോപണവിധേയരായ സര്‍വകലാശാലാ അധികൃതര്‍ക്കു പുറമേ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയെയും ബണ്ഡാരു ദത്താത്രേയയെയും കമ്മിഷന്‍ കുറ്റവിമുക്തരാക്കിയിരുന്നു.