ബംഗളൂരു: മൈസൂരുവിൽ എം ബി എ വിദ്യാർഥിനിയായ 22കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ അഞ്ചുപേരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇതിൽ നാലുപേർ തമിഴ്നാട് സ്വദേശികളാണ്. ഒരാൾ കർണാടക സ്വദേശിയാണെന്നാണ് വിവരം. മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ച രാത്രിയായിരുന്നു മൈസൂരു ചാമുണ്ഡി ഹിൽസ് പ്രദേശത്ത് 22 കാരിയായ എംബിഎ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. ഒപ്പം ഉണ്ടായിരുന്ന ആൺ സുഹൃത്തിനെ ആക്രമിച്ച ശേഷമായിരുന്നു ക്രൂരത. ഇതിന് ശേഷം കുറ്റിക്കാട്ടിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്ന് കളയുകയായിരുന്നു. ബുധനാഴ്ച കുറ്റിക്കാട്ടിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശവാസികളാണ് ഇരുവരേയും കണ്ടെത്തിയത്.സുഹൃത്തിൻറെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്ത്.
സ്ഥലത്തെ സ്ഥിരം മദ്യപസംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ആറ് സിമ്മുകള്‍ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളുടേത് ആണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ മൂന്നെണ്ണം കേരളത്തിലും ഒരെണ്ണം തമിഴ്നാട്ടിലും രജിസ്റ്റര്‍ ചെയ്തതാണ്. പിറ്റേദിവസത്തെ പരീക്ഷ എഴുതാതെ രാത്രി തന്നെ നാല് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്ന് പോയതായും പൊലീസ് കണ്ടെത്തി. മൈസൂരുവില്‍ നിന്ന് പരീക്ഷ എഴുതാതെ മടങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. തീവ്രപരിചരണ വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.
പ്രതികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മലയാളികളാണെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവർ കേരളത്തിൽ ഒളിവിൽ കഴിയുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിരുന്നു.സംഭവം നടന്ന ചൊവ്വാഴ്ച രാത്രി മൈസൂരു ചാമുണ്ഡി കുന്നിന്റെ താഴ്വരയിലെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്‍റെ സംശയം ഇവരിലേക്കെത്തിയത്. സംഭവ സ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ചൊവ്വാഴ്ച എഞ്ചിനീയറിങ് വിദ്യാർഥികളായ നാലുപേരും മൈസൂരുവിലുണ്ടായിരുന്നതായാണ് വിവരം. സംഭവം നടന്നതിനുശേഷം ഇവർ കോളജിൽ ബുധനാഴ്ചത്തെ പരീക്ഷ എഴുതിയിരുന്നില്ല. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായതും സംശയത്തിനിടയാക്കി.
ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം ബി എ വിദ്യാർഥിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിന്റെ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30 ഓടെയാണ് ബൈക്കിൽ പോയത്. തുടർന്ന് ബൈക്കിൽനിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.
അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിന്റെ തലക്കടിച്ചു. ബോധം വന്നപ്പോൾ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടിൽനിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവൻ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിന്റെ മൊഴി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയശേഷം യുവാവിന്റെ ഫോണിൽനിന്നും പിതാവിനെ വിളിച്ച് പ്രതികൾ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. എ ഡി ജി പി സി.എച്ച്. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവ സ്ഥലത്തുനിന്നും ഡി എൻ എ സാംപിളും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് ഡി ജി പി പ്രവീൺ സൂദിനോട് മേൽനോട്ടം വഹിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.