
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തിനിടെ ദേവസ്വം വകുപ്പ് മന്ത്രി അഡ്മിനിസ്ട്രേറ്റര്‍ സിഎന്‍ അച്യുതന്‍ നായരെ അവഹേളിക്കുകയും യോഗത്തില്‍ നിന്നും ഇറക്കിവിടുകയും ചെയ്തതായി പരാതി. മന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. പീതാംബരകുറുപ്പാണ്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഇതു സംബന്ധിച്ച് പീതാംബരക്കുറുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു. അഡ്മിനിസ്ട്രേറ്ററുടെ നിമയനം ഒരുവര്‍ഷത്തെ ഡെപ്യൂട്ടേഷനിലാണെന്നും ദേവസ്വത്തിന്റെ നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അഡ്മിനിസ്മട്രറ്ററെ മാറ്റിയതെന്നും ചെയര്‍മാന്‍ കത്തില്‍ സൂചിപ്പിക്കുന്നു. മന്ത്രിയുടെ മോശമായ പദപ്രയോഗങ്ങള്‍ ഭരണസമിതിക്ക് ഒന്നാകെ മവദനയുണ്ടാക്കിയതായും കത്തില്‍ പറയുന്നു.
മുന്‍സമിതിയുടെ തുര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ആറ് മാസം മുമ്പ് ചുമതലയേറ്റ ഭരണസമിതി നടത്തുന്നത്. പുതിയ പദ്ധതികളൊന്നും ഭരണസമിതി ഏറ്റെടുത്തിട്ടില്ല. സാമ്പത്തിക ക്രമക്കേടുകളും കാട്ടിയിട്ടില്ല. ഇക്കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമായിരിക്കേ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ യോഗത്തില്‍ ഒഴിവാക്കേണ്ടതായിരുന്നു- പീതാംബരക്കുറുപ്പ് കത്തില്‍ പറയുന്നു. മന്ത്രിയുടെ നടപടിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.