‘സഖാക്കളെ’ മാറ്റി ‘സ്വാമി ശരണം’ വിളിക്കേണ്ടിവരുന്ന ബിജുമേനോൻ; ലാൽജോസിൻ്റെ നാൽപ്പത്തിയൊന്നിൻ്റെ ടീസറെത്തി

ശബരിമല പശ്ചാത്തലത്തിൽ ലാൽ ജോസ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് 41. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലാണ് സിനിമ അനൌൺസ് ചെയ്യപ്പെട്ടത് എന്നതിനാൽ വിവാദപരമായ രംഗങ്ങൾ ചിത്രത്തിൽ പ്രതീക്ഷിക്കുകയാണ് പ്രേക്ഷകർ.

ബിജു മേനോന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ നിമിഷ സജയനാണ് നായികയായെത്തുന്നത്. ശബരിമലയും അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും കോര്‍ത്തിണക്കി നാടിന്‍റെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ തുറന്നു കാട്ടുന്ന പ്രമേയവുമായാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇടത് പക്ഷപ്രവർത്തകനായിട്ടാണ് ബിജു മേനോൻ ചിത്രത്തിൽവേഷമിടുന്നത്. എന്നാൽ കഥാപാത്രം ശബരിമലയിൽ നിൽക്കുന്ന രംഗങ്ങളും ടീസറിലുണ്ട്. സഖാക്കളെ എന്ന് ശബരിമലയിൽ വച്ച് മൈക്കിലൂടെ അനൌൺസ് ചെയ്യുമ്പോൾ സ്വാമി ശരണം പറയണമെന്ന് കൂടി നിൽക്കുന്നവരുടെ ആവശ്യപ്പെട്ടതനുസരിച്ച് വൈമന്യത്തോടെ സ്വാമി ശരണം എന്ന് പറയുന്ന രംഗം ചിത്രത്തിൻ്റെ ഗതിയെക്കുറിച്ച് സൂചന നൽകുന്നുണ്ട്.

എല്‍.ജെ ഫിലിംസിന്‍റെ ബാനറില്‍ ജി.പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിപാല്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. നവംബറില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നൽകുന്ന വിവരം.

Top