അറുബോറുകൾക്കിടയിൽ അല്പം ഭേദപ്പെട്ടതൊന്ന് എന്ന നിലയിൽ രക്ഷാധികാരി;ചിരിക്കൊപ്പം ചിന്തയും നൽകുന്ന ഭേദപ്പെട്ട ചിത്രം

ബിജുമേനോന്റെ തിളങ്ങുന്ന പെർഫോർമെൻസും, സമകാലീന സിനിമകളുടെ ദയനീയാവസ്ഥയും വെച്ച് നോക്കുമ്പോൾ ‘രക്ഷാധികാരി ബൈജു ഒപ്പ്’എന്ന ചിത്രത്തിന്റെ വരവ് അറുബോറുകൾക്കിടയിൽ അല്പം ഭേദപ്പെട്ടതൊന്ന് എന്ന നിലയിലാണ്.

എന്നാലും കണ്ടിരിക്കാവുന്ന സിനിമ എന്നതിനപ്പുറം, അപാരമായ ഒരു സൗന്ദര്യാനുഭവമൊന്നും സമ്മാനിക്കാൻ രക്ഷാധികാരി ബൈജുനു കഴിയുന്നില്ല. . രഞ്ജൻ തിരക്കഥയെഴുതിയ മുൻകാല ചിത്രങ്ങളുടെ അടുത്തെന്നും ഈ പടം എത്തില്ല. അനാവശ്യമായി നീട്ടിയ ഉപകഥകളാണ് ഈ പടത്തിന്റെ ഒരു പോരായ്മ രണ്ടേമുക്കാൻ മണിക്കൂറോളം നീളുന്ന ചിത്രത്തിന്റെ ദൈർഘ്യവും അൽപ്പം കുറക്കാമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1

മോഹൻലാലിന്റെ ‘ബാലേട്ടൻ’ തൊട്ട് എബ്രിഡ് ഷൈനിന്റെ ‘1983’, ഈയിടെ ഇറങ്ങിയ ദിലീപിന്റെ ‘ജോർജേട്ടൻസ് പൂരം’ അടക്കമുള്ള നിരവധി ചലച്ചിത്രങ്ങളുമായി സാമ്യമുള്ളതാണ് രക്ഷാധികാരിയുടെയും കഥ. എങ്കിലും അനുകരണമെന്നൊന്നും പറയാൻ കഴിയല്ല; ടോട്ടാലിട്ടിയിൽ തീർത്തും വ്യത്യസ്തമാണ് ടി.എസ് അരുൺ കഥയെഴുതി രഞ്ജൻതന്നെ തിരക്കഥയൊരുക്കിയ ഈ ചിത്രം.

ബാലേട്ടനിലും നിരവധി മമ്മൂട്ടി, ശ്രീനിവാസൻ ചിത്രങ്ങളിലും കണ്ടപോലെ നാട്ടിൻപുറത്തെ നന്മ മരമാണ് രക്ഷാധികാരി ബൈജു.കുട്ടികളുടെ കളിസ്ഥലങ്ങൾ അന്യം നിന്നുപോവുന്ന അതിദ്രുത ആഗോളീകരണത്തിന്റെ ഇക്കാലത്ത് ഈ ഗ്രൗണ്ട് തന്നെയാണ് ചിത്രത്തിന്റെ കേന്ദ്രകഥാപാത്രമാവുന്നത്.

അടുത്തിടെ ഇറങ്ങിയ ‘ജോർജേട്ടൻസ് പൂരത്തിലും’ സമാനമായ പ്രമേയമായിരുന്നു.പക്ഷേ ജോർജേട്ടൻ ദിലീപിന്റെ താരമൂല്യം വർധിപ്പിക്കാനുള്ള കെട്ടുകാഴ്ചകളുമായി മുന്നോട്ടുപോയപ്പോൾ, രക്ഷാധികാരി റിയലിസ്റ്റിക്കായ കഥയിലൂടെ മണ്ണിൽ ചവിട്ടിനിൽക്കയാണ്.ഇവിടെ അടിച്ച് ജയിച്ച് ശൂരത്വം കാട്ടുന്ന നായകനില്ല. പകരം പരാജയത്തിന്റെ നൊമ്പരവും,നഷ്ടപ്പെടുന്ന ബാല്യങ്ങളുടെ ഓർമ്മയും ബൈജു അവശേഷിപ്പിക്കുന്നു.ബൈജുവിലെ പല ക്രിക്കറ്റ് മൽസരങ്ങളും മറ്റും നിവിൻപോളിയുടെ ‘1983’നെ ഓർമ്മിപ്പിക്കുന്നുണ്ട്.സമീപകാല പല ചിത്രങ്ങളെയും പോലെ ഗൃഹാതുരത്വമെന്ന, മലയാളിയുടെ എക്കാലത്തെയും വലിയ സെന്റിമെൻസിലൂടെയാണ് ഈ ചിത്രവും കടന്നുപോവുന്നത്.

അടുത്തകാലത്ത് സ്ഥിരം കാണുന്നതുപോലെ ഫ്‌ളാഷ്ബാക്കിൽനിന്ന് തുടങ്ങുകയോ, ലാൽജോസിനെപ്പോലൊരു സംവിധായകന്റെ വോയ്‌സ്ഓവറിൽ കഥപറയുകയോ ഒന്നും ചെയ്യാതെ, ആ നാട്ടിൻ പുറത്തിന്റെ ജീവിതം മന്ദമാരുതനെപ്പോലെ ചിത്രത്തിലൂടെ കടന്നുപോവുകയാണ്.പ്രേക്ഷകന് ഒട്ടും പരിചിതമില്ലാത്ത നേർക്കുനേരെയുള്ള കഥാകഥനം ശരിക്കും റിസ്‌ക്ക് തന്നെയാണ്.കാരണം നമ്മുടെ കാഴ്ചാശീലങ്ങൾ അങ്ങനെയല്ല. അത്തരമൊരു മാറ്റിപ്പടിക്കൽ നടത്തിയതിന് വലിയൊരു ഹായ്, രഞ്ജൻ പ്രമോദ് അർഹിക്കുന്നുണ്ട്.

കുട്ടികളും കളിയും അതിന് കൂട്ടുനിൽക്കുന്ന ബൈജുവുമായുള്ള ബന്ധം ഹൃദയഹാരിയായി ചിത്രീകരിച്ചിട്ടുണ്ട്.കളിക്കാൻ ആഗ്രഹിക്കുന്ന ഒരു പാട് കുട്ടികളുടെ രക്ഷാധികാരിയാണ് അയാൾ.ഈ ഒരു ബന്ധത്തിന്റെ വികാസവും അതുവഴിയുള്ള സന്തോഷ -സന്താപങ്ങളുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

കഥയുടെ തായ്തടിയും, അതിന്റെ വളർച്ചയുമൊക്കെ നന്നായെങ്കിലും ഉപ ശാഖകളിലേക്ക് അത് പ്രവേശിക്കുമ്പോൾ ബലക്കുറവും, ടൈപ്പ് സ്വഭാവവും പ്രകടമാണ്.സ്ഥിരമായി പന്ത് അടുത്തവീട്ടിലേക്ക് അടിപ്പിച്ച് അത് എടുക്കാൻപോയിപ്പോയി അവിടെയുള്ള യുവതിയോട് പ്രേമമുണ്ടാക്കുന്ന കുമ്പളം ക്‌ളബിലെ യുവതാരത്തിന്റെ കഥ ഒരു ഉദാഹരണംമാത്രം. എന്ത് അദ്ഭുദം, ജോർജേട്ടനിലെ നായികയെപ്പോലെ ഈ കഥാപാത്രവും കന്യാസ്ത്രീയാവാൻ തയ്യാറെടുക്കുകയാണ്.

2

ചിത്രം വിരസതയുടെ പാതാളക്കൊല്ലിയിലേക്ക് വീഴാത്ത് ബിജുമേനോന്റെയും, ഹരീഷ് പെരുമണ്ണയുടെയും അസാധ്യ പ്രകടനം കൊണ്ടാണ്. ബിജുമേനോന്റെ കോമഡിയിലെ വൈവിധ്യം അതിശയിപ്പിക്കുന്നതാണ്. കിണറ്റിൽവീഴുന്ന രംഗംപോലുള്ള വെറും സാധാ പഴഞ്ചൻ നർമ്മംപോലും അഭിനയത്തിന്റെ വേറിട്ട ഇടപെടലിലൂടെ ബിജു മാറ്റിയെഴുതുന്നു. ക്‌ളബ് വാർഷികത്തിലെ നാടകത്തിലെ ചില രംഗങ്ങൾ മറ്റേത് നടൻ ചെയ്താലും കോമാളിക്കളിയായി പോവുമായിരുന്നു. അതുപോലെ അലസിയറുമൊത്ത് കള്ള്ഷാപ്പിലെ ഗാനവും, കൂട്ടുകാരുത്തെുള്ള പാട്ടുകളും കണ്ടിരിക്കേണ്ടതാണ്. ചിരി മാത്രമല്ല, ചിന്തയും നൊമ്പരവും നൽകുന്നുണ്ട് ബിജുവിന്റെ കഥാപാത്രം.

സ്ഥിരം മിമിക്രി വേഷങ്ങളിൽ തളച്ചിടപ്പെടാറുള്ള ഹരീഷ് പെരുമണ്ണയെന്ന കോഴിക്കോട്ടുകാരന്റെ കരിയർ ബെസ്റ്റാണ് ഈ പടമെന്ന് പറയാം.( ഈയിടെ ഇറങ്ങിയ പുത്തൻ പണത്തിലും ഹരീഷിന് നല്ല വേഷമായിരുന്നു)അൽപ്പം ബുദ്ധിമാന്ദ്യമുള്ള എന്നാൽ അതിദ്രുതം പ്രതികരിക്കുന്ന ഒരു നാടൻ കഥാപാത്രമായി ജീവിക്കയാണ് ഹരീഷ്. മലയാള സിനിമയുടെ ശാപമായ ടൈപ്പ് കാസ്റ്റിങ്ങിൽ പെട്ടുപോവാതിരുന്നാൽ, നിസ്സംശയം പറയാൻ സാധിക്കും,നമ്മൾ കാത്തിരക്കുന്ന സ്വഭാവ നടനാണ് ഇയാൾ.എതാനും സീനുകളിൽ മാത്രംവരുന്ന ദിലീഷ് പോത്തനും, അലൻസിയറും,വിജയരാഘവനും, ബാലതാരങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിയിട്ടുണ്ട്.

ബിജുമേനോന്റെ ഭാര്യയായി വരുന്ന ഹന്ന റെജി കോശിയെന്ന പുതുമുഖത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും ഉള്ളത് ചളമാക്കിയിട്ടില്ല. ബിജിബാലിന്റെ സംഗീതവും സിനിമയോട് ചേർന്ന് നിൽക്കുന്നു.
വാൽക്കഷ്ണം:അവസാനമായി വലിയൊരു ചോദ്യം ഈ നാടിനോട് ചോദിച്ചുകൊണ്ടാണ് രഞ്ജൻ പ്രമോദ് ചിത്രം അവസാനിപ്പിക്കുന്നത്.ഇത്തിരിപ്പോന്ന വെളിമ്പറമ്പുകൾപോലും കെട്ടിടങ്ങൾക്കും ഫ്‌ളാറ്റുകൾക്കും വഴിമാറുമ്പോൾ ഇനിയുള്ളകാലം നമ്മുടെ കുട്ടികൾ എവിടെ കളിക്കും സാർ? തീയേറ്ററിൽനിന്ന് ഇറങ്ങിയിട്ടും ഈ ചോദ്യം പുറകേ കൂടുന്നതായി തോന്നി.ഇനിയുള്ള തലമുറ മൊബൈൽ ഗെയിം മാത്രം കളിച്ചാൽ പോരല്ലോ..

Top