തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ബി.ജെ.പി. വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ആണ് മത്സരിക്കുക. കോന്നിയിൽ പ്രതീക്ഷിച്ചതു പോലെ കെ. സുരേന്ദ്രൻ മത്സരിക്കും. മറ്റൊരു പ്രമുഖ മണ്ഡലമായ മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാർ കളത്തിലിറങ്ങും. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു അരൂരിലും എറണാകുളത്ത് സി.ജി രാജഗോപാൽ എന്നിവരും മത്സരിക്കും.
കെ. സുരേന്ദ്രന്റെയടക്കമുള്ള മറ്റ് സ്ഥാനാർത്ഥികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ബി.ജെ.പി പ്രവർത്തകർക്കിടയിൽ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരുന്നു. എന്നാൽ ഇതിൽ കുമ്മനം രാജശേഖരന്റെ കാര്യത്തിൽ മാത്രമായിരുന്നു അനിശ്‌ചിതത്വം നിലനിന്നിരുന്നത്. കഴിഞ്ഞദിവസം വരെ വട്ടിയൂർക്കാവിൽ കുമ്മനം തന്നെ രംഗത്തിറങ്ങുമെന്ന് ശക്തമായ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. കുമ്മനം മത്സരിക്കാൻ സന്നദ്ധനാണെന്ന് മുതിർന്ന നേതാവ് ഒ.രാജാഗോപാലും ഇന്നലെ വ്യക്തമാക്കുകയുണ്ടായി. എന്നാൽ ബി.ജെ.പിയ്‌ക്കുള്ളിലെ തന്നെ അസ്വാരസ്യങ്ങൾ കാരണം തീരുമാനം നീളുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ മാദ്ധ്യങ്ങളോട് പ്രതികരിച്ച കുമ്മനം പറഞ്ഞത്, പാർട്ടി പറയുന്ന കാര്യം താൻ അനുസരിക്കുമെന്നുമായിരുന്നു.
പിന്നീടാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ജില്ലാ പ്രസിഡന്റും യുവനേതാവുമായ അഡ്വ.എസ്.സുരേഷിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. കുമ്മനത്തിനൊപ്പം നേരത്തെ തന്നെ സുരേഷിന്റെ പേര് പ്രചരിച്ചിരുന്നെങ്കിലും താൻ പാർട്ടി ചുമതലയിൽ തൃപ്‌തനാണെന്ന പ്രതികരണമാണ് സുരേഷിൽ നിന്നുമുണ്ടായത്.