സ്വാതന്ത്ര്യദിനത്തില്‍ ഇനിമുതല്‍ പീഡനവാര്‍ത്തകള്‍ കൊടുക്കില്ലെന്ന ശപഥമെടുത്ത് ജന്മഭൂമി പത്രം

janmabhumi

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ജന്മഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ എല്ലാവര്‍ക്കും കൗതുകകരമായി. പുതിയ ശപഥമെടുത്താണ് ജന്മഭൂമി പത്രം വായനക്കാര്‍ക്കിടയിലേക്ക് എത്തിയത്. ഇനി ഞങ്ങള്‍ പീഡനവാര്‍ത്തകള്‍ കൊടുക്കില്ലെന്നാണ് പറയുന്നത്. എഡിറ്റോറിയലിലൂടെയാണ് ജന്മഭൂമി ഇതറിയിച്ചത്.

പത്രങ്ങളിലും മാധ്യമങ്ങളിലും ദിവസവും ഒന്നോ രണ്ടോ പീഡന വാര്‍ത്തകള്‍ ഇല്ലാതിരിക്കില്ല. മാധ്യമങ്ങളെ എന്തിന് കുറ്റപ്പെടുത്തണം. ദിവസവും ഇതാണ് രാജ്യത്ത് നടക്കുന്നത്. ഇനി വായനക്കാര്‍ ജന്മഭൂമിയിലൂടെ അതൊന്നും അറിയേണ്ട കാര്യമില്ലെന്ന നിലപാടുമായിട്ടാണ് ജന്മഭൂമി പത്രം എത്തിയത്. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയാണ് സ്വാതന്ത്ര്യദിനത്തില്‍ ഞങ്ങള്‍ പീഡനം മതിയാക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത്.

അതെസമയം തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പീഡനക്കേസില്‍ പ്രതികളായാല്‍ വാര്‍ത്ത കൊടുക്കുമെന്ന് സൂചിപ്പിച്ചും നിര്‍ഭയമാര്‍ക്ക് വേണ്ടി വാദിക്കുമെന്നും വ്യക്തമാക്കിയാണ് ജന്മഭൂമിയുടെ ആദ്യ പേജിലെ മുഖപ്രസംഗം അവസാനിക്കുന്നതും.

ജന്മഭൂമിയുടെ പുതിയ ചീഫ് എഡിറ്ററായി ചുമതലയേറ്റ രാമചന്ദ്രനാണ് നയം വ്യക്തമാക്കി ഞങ്ങള്‍ പീഡനം മതിയാക്കുന്നു എന്ന മുഖപ്രസംഗം എഴുതിയിരിക്കുന്നതും. പീഡനവും ആക്രമണങ്ങളും സമൂഹത്തെ ചുറ്റിപറ്റിയുള്ളതൊക്കെയും അനുനിമിഷം വാര്‍ത്തയാകുമ്പോള്‍ ജന്മഭൂമിയുടെ വായനക്കാര്‍ ഇനി ഇതൊന്നും അറിയേണ്ടെന്ന നിലപാടാണ് പത്രം സ്വീകരിച്ചിരിക്കുന്നതും. അതിന് പറയുന്ന കാരണമാകട്ടെ, ജന്മഭൂമി വായനക്കാരന്റെ നാലുവയസുളള കുഞ്ഞ് എന്താ അച്ഛാ പീഡനം എന്നുവെച്ചാല്‍?, എന്താ അമ്മേ പീഡനം എന്നുവെച്ചാല്‍? എന്നു ചോദിക്കരുതെന്നും. ജന്മഭൂമി വായനക്കാരായവരുടെ കുഞ്ഞുങ്ങള്‍ മാനസികാരോഗ്യമുളളവരായി വളരട്ടെ എന്നുമാണ്.

കൂടാതെ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊരു മുന്‍ഗാമിയുണ്ടെന്നും ജന്മഭൂമി മുഖപ്രസംഗത്തില്‍ അവകാശപ്പെടുന്നു. അതാകട്ടെ ആഴ്ചയില്‍ ഒരു ദിവസം നിഷേധ വാര്‍ത്തകള്‍ വേണ്ടെന്ന് വച്ച ദൈനിക് ഭാസ്‌കറിന്റെ നിലപാടിനെയാണ് ഇതിനൊപ്പം കൂട്ടിക്കെട്ടുന്നതും. കഴിഞ്ഞ റിപ്പബ്ലിക് ദിനം മുതലാണ് തിങ്കളാഴ്ചകളില്‍ നിഷേധ വാര്‍ത്തകള്‍ വേണ്ടെന്ന നിലപാട് ദൈനിക് ഭാസ്‌കര്‍ കൈക്കൊള്ളുന്നത്. എന്നാല്‍ ജന്മഭൂമിയാകട്ടെ പീഡന വാര്‍ത്തകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ്.

അതോടൊപ്പം വിദ്യാശരണ്‍ ശുക്ലമാരും നാരായണ്‍ ദത്ത് തിവാരിമാരും വിലസിയാല്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് എടുത്ത് പറയുന്നുമുണ്ട്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്ന വിദ്യാശരണ്‍ ശുക്ലയും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശ് ഗവര്‍ണറുമായ എന്‍.ഡി തിവാരിയും അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളും പീഡനകേസുകളില്‍ പ്രതികളായവരുമാണ്. പീഡനവാര്‍ത്തകള്‍ കൊടുക്കില്ലെന്ന് ശപഥമെടുക്കുന്ന ജന്മഭൂമി ഇതിലൂടെ കോണ്‍ഗ്രസ് നേതാക്കളുടെ പീഡനവാര്‍ത്തകള്‍ വന്നാല്‍ കൊടുക്കുമെന്ന് പറയാതെ പറയുകയാണ് ചെയ്യുന്നത്.

Top