നെടുമ്പാശേരിയില്‍ വീണ്ടും വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി അപകടം…

നെടുമ്പാശേരി: നെടുമ്പാശേരിയില്‍ വീണ്ടും വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി അപകടം. 163 യാത്രക്കാരുമായി കുവൈറ്റില്‍നിന്നു കൊച്ചിയിലെത്തിയ കുവൈറ്റ് എയര്‍വെയ്‌സിന്റെ കെയു 357 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം റണ്‍വേയുടെ മധ്യരേഖയില്‍നിന്നു മാറിയിറങ്ങിയാണ് അപകടം ഉണ്ടായത്. ഇന്നു വെളുപ്പിനെ 3.50ന് എത്തേണ്ട വിമാനം അരമണിക്കൂറിലേറെ വൈകി 4.25നാണ് എത്തിച്ചേര്‍ന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് മധ്യരേഖയില്‍നിന്ന് ഏതാനും മീറ്റര്‍ വലത്തോട്ടു മാറിയാണു ലാന്‍ഡു ചെയ്തത്.

റണ്‍വേയില്‍ നിന്നു തെന്നിമാറി എങ്കിലും വിമാനം ഉടന്‍ നിയന്ത്രണത്തിലാക്കാന്‍ പൈലറ്റിനു കഴിഞ്ഞു. തുടര്‍ന്നു സാധാരണ പോലെ ബേയിലെത്തിച്ചു യാത്രക്കാരെയിറക്കി. അപകടത്തില്‍ വിമാനത്തിന്റെ ചിറക് റണ്‍വേയിലെ അഞ്ചു ലൈറ്റുകളില്‍ ഇടിച്ചിരുന്നു. പിന്നീട് അവ അടിയന്തിരമായി ശരിയാക്കി. അപകടം ഉണ്ടായതിനു പുറകെ വിമാനത്താവളത്തിലേക്കെത്തിയ ഇന്‍ഡിഗോയുടെ ദുബൈയില്‍നിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടു. ഈ വിമാനം തുടര്‍ന്ന് ഏഴരയോടെ നെടുമ്പാശേരിയില്‍ മടങ്ങിയെത്തി തുടര്‍ സര്‍വീസുകള്‍ നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തില്‍പ്പെട്ട കുവൈറ്റ് എയര്‍വെയ്‌സ് വിമാനം സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇവിടെനിന്നുള്ള യാത്രക്കാരെയും കയറ്റി 9.30ന് പുറപ്പെട്ടു. അടുത്ത കാലത്തായി ഇത് രണ്ടാം തവണയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നു മാറുന്നത്. കഴിഞ്ഞ ജൂലൈ 13നു പുലര്‍ച്ചെ രണ്ടരയോടെ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനമാണു റണ്‍വേയില്‍നിന്നു തെന്നിമാറിയത്.

വിമാനം നിലംതൊട്ട ശേഷം മുന്നോട്ടു നീങ്ങുന്നതിനിടെ, മഴയില്‍ ഒരു വശത്തേക്കു തെന്നുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപകടം പറ്റിയിരുന്നില്ല. അന്നും വിമാനം ഇടിച്ച് ഒരു ലീഡ് ഇന്‍ ലൈറ്റ് നശിച്ചിരുന്നു.

Top