നെടുമ്പാശേരി വിമാനത്താവളത്തിന് നഷ്ടം 220 കോടി മുതല്‍ 250 കോടി വരെയെന്ന് കണക്ക്

കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന് 220 കോടി മുതല്‍ 250 കോടി വരെ നഷ്ടമെന്ന് കണക്ക്. 26ന് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിക്കും. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചു. വിമാനത്താവളത്തിലെ റണ്‍വേയിലും ടാക്‌സി വേയിലും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏപ്രണിലും വെള്ളമിറങ്ങി. വിമാനത്താവളത്തിനു ചുറ്റുമുള്ള മതില്‍ പലയിടത്തും ഇടിഞ്ഞത് സുരക്ഷാ പ്രശ്‌നമാണ്. മതില്‍ കെട്ടുന്നതിനു കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ തല്‍ക്കാലം ലോഹഷീറ്റുകള്‍ വച്ച് മറയ്ക്കാനുള്ള ജോലിയും ആരംഭിച്ചു.

വിമാനത്താവളത്തിലെ ഇലക്ട്രിക് ഉപകരണങ്ങളും വൈദ്യുത വിളക്കുകളും തകരാറിലായതാണ്. റണ്‍വേ ലൈറ്റുകള്‍ ഉള്‍പ്പെടെ നന്നാക്കേണ്ടി വരും. നിരീക്ഷണ ക്യാമറകളും ടിവികളെല്ലാം പ്രവര്‍ത്തിപ്പിക്കണം. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളിലും ഡ്യൂട്ടി ഫ്രീ ഷോപ്പിലുമെല്ലാം വെള്ളം കയറിയിരുന്നു. ഇവിടങ്ങളെല്ലാം വൃത്തിയാക്കുകയും അണു വിമുക്തമാക്കുകയുമാണ് ആദ്യ ദൗത്യം. ഇതിനായി 200 പേരെ ഏര്‍പ്പെടുത്തി. റണ്‍വേയിലെ ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍ മൂന്നു മില്ലിങ് യന്ത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചു. ഒട്ടേറെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനുകളില്‍ വെള്ളം കയറിയിരുന്നു. അവ പരിശോധന നടത്തി അപകടം ഇല്ലെന്ന് ഉറപ്പു വരുത്തി ചാര്‍ജ് ചെയ്യണം. യാത്രക്കാരുടെ പെട്ടികള്‍ വരുന്ന കണ്‍വെയര്‍ ബെല്‍റ്റുകളിലും വെള്ളം കയറിയിട്ടുണ്ട്. 800 റണ്‍വേ ലൈറ്റുകളില്‍ 760 എണ്ണം ഇളക്കി പരിശോധിക്കേണ്ടി വരും. ബാഗേജ് എക്‌സ്‌റേ യന്ത്രങ്ങള്‍ 20 എണ്ണം തകരാറിലായതു മാറ്റി പുതിയവ സ്ഥാപിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാഗേജ് സ്‌കാനറുകളും കാര്‍ഗോ സ്‌കാനറുകളും പുതിയതു വേണം. റണ്‍വേയിലെ 3600 നിരീക്ഷണ ക്യാമറകളില്‍ രണ്ടായിരത്തോളം എണ്ണം നശിച്ചു. ഇവയെല്ലാം ചേരുമ്പോഴാണ് നഷ്ടം 220- 250 കോടി വരെയായത്. വിമാന സര്‍വീസ് നിര്‍ത്തിവച്ചതു മൂലമുള്ള ലാന്‍ഡിങ്, ടേക്ക് ഓഫ് ഫീസിലും പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള മറ്റു വരുമാനങ്ങളുടെ നഷ്ടവും ഇതിനു പുറമേയാണ്. പ്രതിദിനം ഇരുനൂറിലേറെ ലാന്‍ഡിങ്ങും ടേക്ക് ഓഫും നടന്നിരുന്ന വിമാനത്താവളമാണ് അടച്ചിടേണ്ടി വന്നത്.

പുതിയ ആഭ്യന്തര ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വെള്ളപ്പൊക്കനാശം ഉണ്ടായത്. അതിനാല്‍ പുതിയ ടെര്‍മിനലില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്‌കാനറുകളും എക്‌സ്‌റേകളും മറ്റും കേടായവയ്ക്കു പകരം സ്ഥാപിക്കാന്‍ കഴിയും.

Top