ബിജെപി- കേരളാ കോൺഗ്രസ്സ് സഖ്യം: മുന്നണികൾക്ക് ഒരു ബദൽ.അഡ്വ:ജോജോ ജോസ് എഴുതുന്നു.

അഡ്വ: ജോജോ ജോസ്

ഹിന്ദു നേതാവായിരുന്ന മന്നത്തു പത്മനാഭൻ, 1964 ഒക്ടോബർ ഒൻപതാം തിയതി നാമകരണം നൽകി രൂപീകരിച്ച പാർട്ടിയാണ് കേരളാ കോൺഗ്രസ്. പിന്നീട് കെ.എം. മാണി അധ്വാന വർഗ്ഗ സിദ്ധാന്തം രചിച്ചു ഒരു സൈദ്ധാന്തിക അടിത്തറ നൽകുവാൻ ശ്രമിച്ചെങ്കിലും തത്വശാസ്ത്രപരമായ അടിത്തറയിലല്ല പാർട്ടി രൂപം കൊണ്ടത് എന്നതുകൊണ്ട് ആ തത്വശാസ്ത്രം വ്യാപകമായി സ്വീകരിക്കപ്പെട്ടില്ല . മറിച്ചു മുഖ്യമന്ത്രി ആകേണ്ട ഒരു മധ്യതിരുവതാം കൂർ സുറിയാനി ക്രിസ്ത്യാനി യായ പി.ടി. ചാക്കോയെ, ചതിച്ചതിനും, പുറകിൽ നിന്ന് കുത്തിയതിനുമുള്ള അമർഷത്തിൽ നിന്നും കോൺഗ്രെസ്സിനെതിരായി രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് കേരളാ കോൺഗ്രസ്സ് . ന്യുനപക്ഷ കർഷക, ക്രിസ്ത്യൻ ,നായർ വിഭാഗങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന കേരളാ കോൺഗ്രസ്സിന് കേരളത്തിൽ ഇന്നും അതിന്റെതായ പ്രസക്തിയുണ്ട്. മാത്രവുമല്ല, ദേശീയതയോടൊപ്പം അടിയുറച്ചു നിൽക്കുന്ന മിതവാദികളായ ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് അതിനു കേരളത്തിനു വേണ്ടി പലതും ചെയ്യാനുണ്ടുതാനും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിഭാഗ്യമെന്നുപറയട്ടെ, രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിനേക്കാൾ കൂടുതൽ ആഭ്യന്തര സംഘർഷങ്ങളിൽ ഉൾപ്പെട്ട തങ്ങളുടെ സ്വത്വം നശിപ്പിക്കുന്ന തരത്തിലുള്ള വിഭാഗീയതക്ക് വേണ്ടിയാണു പാർട്ടി സമയം കളഞ്ഞത്. അധികകാലവും പാർട്ടി വലതു ജാനാധിപത്യ മുന്നണിക്കൊപ്പമാണ് പ്രവർത്തിച്ചത് .അവരുടെ പ്രഗത്ഭരായ നേതാക്കന്മാർ മന്ത്രിമാരാവുകയും ചെയ്തു. ബാലകൃഷ്ണപിള്ള ,കെ.എം.മാണി,പി,ജെ ജോസഫ് ,ടി.എം ജേക്കബ് തുടങ്ങി എണ്ണം പറഞ്ഞ നേതാക്കൾ പാർട്ടി യിലൂടെ വളർന്നു വന്നവരാണ്. ഒരു കരുണാകരനോ, എ.കെ.ആന്റണിയോ, ഉമ്മൻ ചാണ്ടിയോ കഴിഞ്ഞാൽ മറ്റൊരു നേതാവുപോലും ഇവർക്ക് ഒപ്പം തലയെടുപ്പുള്ളവരായി കോൺഗ്രസിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എന്നാൽ ഭിന്നിപ്പ് എന്നത് കേരളാ കോൺഗ്രസിന്റെ ഒരു ജന്മശാപമായി,കൂടപ്പിറപ്പായി നിലനിൽക്കുന്നു എന്നതാണ് സത്യം. പ്രത്യക്ഷത്തിൽ, അധികാരക്കൊതിമൂലമുള്ള പിളർപ്പുകളാണ് അധികവും പാർട്ടിയിലുണ്ടായിട്ടുള്ളത് എന്ന് തോന്നുമെങ്കിലും ശരിയായ നിലയിൽ അപഗ്രഥിച്ചാൽ വ്യക്തമാകുന്ന ഒരു കാര്യം, കാലാകാലങ്ങളിൽ കോൺഗ്രെസ്സുകാർ കുത്തിവെക്കുന്ന അധികാരമോഹമെന്ന വൈറസാണ് യഥാർത്ഥ കാരണം. എഴുപത്തിഏഴിലെ പിള്ള, മാണി പിളർപ്പോ ,എൺപത്തി ഏഴിലെ മാണി,ജോസഫ് പിളർപ്പോ അല്ല പാർട്ടിയുടെ അടിത്തറ ഇളക്കിയത്. അത് 1993 ൽ പാർട്ടിയുടെ ജലസേചന മന്ത്രിയായിരുന്ന ടി.എം. ജേക്കബ് മുൻകൈ എടുത്തു നടത്തിയ പിളർപ്പാണ്. ജേക്കബ്, യാക്കോബിസ്റ്റു കാരനായിന്നെങ്കിലും ,കത്തോലിക്കർക്ക് നിർണ്ണായക സ്വാധീനമുള്ള മൂന്നു പ്രധാന മണ്ഡലങ്ങളിലേ എം.ൽ.എ മാരെ യും അദ്ദേഹം ഒപ്പം കൂട്ടി. ജോണി നെല്ലൂർ മൂവാറ്റുപുഴ, മാത്യു സ്റ്റീഫൻ ഇടുക്കി,പി.എം മാത്യു കടുത്തുരുത്തി എന്നിവർ. അതിൽ കടുത്തുരുത്തി നഷ്ടപെട്ടതായിരുന്നു മാണി വിഭാഗത്തെ സംബധിച്ചിടത്തോളം ഏറ്റവും വലിയ നഷ്ടം. പാലയിലേക്കഴിഞ്ഞും കേരളാ കോൺഗ്രസിന് ശക്തിയുള്ള നിയജകമണ്ഡലമാണ് കടുത്തുരുത്തി. കേരളാ കോൺഗ്രസിന്റെ നട്ടെല്ല് തകർത്തത് ഈ ഒരു പിളർപ്പായിരുന്നു. പാർട്ടിയെ അത് വലിയ തോതിൽ ക്ഷീണിപ്പിച്ചു. ഈ പിളർപ്പുകളെല്ലാം പിന്നീട് കോൺഗ്രസിന് ഗുണകരമായി തീരുകയാണുണ്ടായത്. നാലു എം.ൽ.എ മാരുമായി പിളർന്ന ജേക്കബ് വിഭാഗത്തിന് പിന്നീട് ബാക്കി എല്ലാ മണ്ഡലങ്ങളും നഷ്ടപ്പെട്ട് പിറവം മണ്ഡലത്തിൽ മാത്രമായി ഒതുങ്ങേണ്ടിവന്നു. മൂവാറ്റുപുഴ മണ്ഡലം കോൺഗ്രസ് പിന്നീട് ഏറ്റെടുക്കുകയും ചെയ്തു. കേരളാ കോൺഗ്രെസ്സിലുണ്ടായ പിളർപ്പുകൾക്കെല്ലാം സമാന സ്വഭാവവും ,രീതിയുമാണുള്ളത് . കേരളാ കോൺഗ്രസ് പിളർപ്പിന്റെ ഗുണഭോക്താവ് എപ്പോഴും കോൺഗ്രസ് ആയിരുന്നു. കെ.കരുണാകരനും ,എ.കെ.ആന്റണി യും കാലാകാലങ്ങളായി സ്വീകരിച്ച നയം അവസരം കിട്ടുമ്പോൾ കേരളാ കോൺഗ്രിസിനെ പിളർത്തുക എന്നതാണ്. കാരണം കേരളത്തിലെ കത്തോലിക്കരുടെ പൊതു പാർട്ടിയായി കേരളാ കോൺഗ്രസ് നിലനിൽക്കുന്നിടത്തോളം കാലം ക്രിസ്താനികളെയും അവർക്കു നേതൃത്വം നൽകുന്ന സഭയെയും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനാകില്ലെന്ന് കോൺഗ്രസിന് അറിയാം.

കേരളത്തിലെ ക്രിസ്താനികളിൽ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് യു.ഡി.എഫ് നെയാണ്. എന്നാൽ അത് കോൺഗ്രെസ്സിനുള്ള മൊത്തമായ പിന്തുണയല്ല. അതിൽ കേരളാ കോൺഗ്രസിന്റെ സംഭാവന വളരെ വലുതാണ്. കഴിഞ്ഞ 20 വർഷത്ത വോട്ടിങ് രീതി കണക്കിലെടുത്താൽ കേരളത്തിലെ ആകെ വോട്ടർമാരിൽ നാല്പതിനാല് ശതമാനം (44%) വീതം ഇരുമുന്നണികളെയും പിന്തുണയ്ക്കുമ്പോഴും ബാക്കിയുള്ള പത്തു ശതമാനം (10%) ആണ് ബി.ജെ.പിയുടെ പിന്തുണ. കേരളത്തിലെ മൊത്തം ന്യൂന പക്ഷ വിഭാഗങ്ങളിൽ എഴുപതു ശതമാനവും (70%) യു.ഡി.ഫിനെ പിന്തുണയ്ക്കുമ്പോൾ, ബാക്കിയുള്ള ഇരുപത്തിയാറു ശതമാനം (26%) ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നു. അതായത് നാൽപ്പത്തിയഞ്ച് ശതമാനം (45%) വരുന്ന കേരളത്തിലെ ന്യൂന പക്ഷ വോട്ടുകളിൽ മുപ്പത്തൊന്നാര (31.5%) ശതമാനവും ലഭിക്കുന്നത് കോൺഗ്രസിനാണ്(UDF). ഫലത്തിൽ നാല്പതിനാല് ശതമാനം (44%) വോട്ടുകളിൽ ആകെ ലഭിക്കുന്ന മുപ്പത്തിയൊന്നാര ശതമാനം (31.5%) കിഴിച്ചാൽ ശരാശരി കേരളത്തിലെ അന്പത്തിയഞ്ചു ശതമാനം (55%) വരുന്ന ഹിന്ദു വോട്ടുകളിൽ പന്ത്രണ്ടര ശതമാനം (12.5%) മാത്രമാണ് യു .ഡി. എഫിന്റെ വിഹിതം. അതായതു യു.ഡി.എഫിനു ആകെ ലഭിക്കുന്ന വോട്ടുകളിൽ നാലിലൊന്നു ഹിന്ദു വോട്ടുകൾ മാത്രമെ ലഭിക്കുന്നുള്ളു. ഫലത്തിൽ കോൺഗ്രസിന് ജയിക്കാവുന്നത് ന്യൂനപക്ഷ കേന്ദ്രികൃത മേഖലയിലാണെന്നു സാരം. എന്നാൽ കേരളത്തിലെ അഞ്ചോ ആറോ നിയോജക മണ്ഡലങ്ങളിൽ ഇതിനു അപവാദം ഉണ്ടായേക്കാം. എന്നിരുന്നാലും പൊതുവെ ന്യൂനപക്ഷ കേന്ദ്രികൃതമാണ് യു.ഡി.എഫിന്റെ വിജയത്തിന് പിന്നിലുള്ളത്. അടുത്ത കാലത്തേ തെരഞ്ഞെടുപ്പുകളിൽ ബിജെപി 15 -16 % വോട്ടുകൾ നേടിയിരുന്നു. അതായത് ബിജെപിക്കു ലഭിക്കുന്ന ഹിന്ദു വോട്ടുകളേക്കാൾ കുറവാണ് കോൺഗ്രസിന് (UDF) ലഭിക്കുന്ന ഹിന്ദു വോട്ടുകൾ എന്ന് സാരം. യു.ഡി.എഫ് വിജയം ന്യൂനപക്ഷ കേന്ദ്രികരണവും മാർക്സിസ്റ്റ് വിരുദ്ധതയും സമന്വയിച്ചുണ്ടാകുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ന്യൂനപക്ഷ കേന്ദ്രികരണം യു.ഡി.എഫിലേക്ക് വരുന്നതിന്റെ ചാലക ശക്തിയായി വർത്തിക്കുന്നത് സുറിയാനി കത്തോലിക്കർക്ക് മുൻതൂക്കമുള്ള കേരളാ കോൺഗ്രസ്സും, മുസ്ലിം ലീഗുമാണ്. ഈ രണ്ടു പാർട്ടികളും ആ മുന്നണിയിൽ ഇല്ലായിരുന്നുവെങ്കിൽ കോൺഗ്രസ് എന്നേ നാമവിശേഷമായിരുന്നേനെ?. ലീഗിനെയും കേരളാ കോൺഗ്രസിനെയും കേരളത്തിൽ തങ്ങളോടൊത്തു ഉറപ്പിക്കാൻ കേന്ദ്ര ഭരണം കോൺഗ്രസിനെ വളരെയേറെ സഹായിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയകാലാവസ്ഥ മാറി മറിഞ്ഞിരിക്കുന്നു. ഒരു കാര്യം തുറന്നു സമ്മതിക്കട്ടെ. കേരളത്തിന്റെ മുഖ്യമന്ത്രിമാരാകാൻ യോഗ്യതയും തലയെടുപ്പും പരിജ്ഞാനവും ഉള്ളവരായിരുന്നു കെ.എം.മാണിയും, പി.ജെ. ജോസഫും, ആർ. ബാലകൃഷ്ണപിള്ളയുമൊക്കെ. ഉമ്മൻ ചാണ്ടിയോ ,എ.കെ ആന്റണി പോലുമോ അവർക്കു തുല്യം നില്ക്കാൻ കെല്പുള്ളവരായിരുന്നില്ല .എന്നാൽ കേരളാ കോൺഗ്രസ് എന്ന ‘ ഠ ‘ വട്ട രാഷ്ട്രീയത്തിൽ ഭാവി തുലച്ചവരാണ് ഇവരൊക്കെ. മുഖ്യമന്ത്രിയാകാൻ ഇറങ്ങിപ്പുറപ്പെട്ട മാണിസാറിനെ എങ്ങനെയാണു ഇവർ അപമാനിച്ചതെന്ന് നമ്മൾ കണ്ടതാണ് .പക്ഷെ സമയം ഇനിയും വൈകിയിട്ടില്ല. കേരളാ കോൺഗ്രസ് അതിന്റെ ജന്മ ഉദ്ദേശം നടപ്പിലാക്കുവാനുള്ള അവസരം വിനിയോഗിക്കുകയാണ് വേണ്ടത്. പി.ജെ.ജോസഫ്, പി സി തോമസ്, ജോസ് കെ.മാണി, പി.സി ജോർജ്, ബാലകൃഷ്ണപിള്ള, അനൂപ് ജേക്കബ് തുടങ്ങിയവരൊക്കെ താക്കോൽ സ്ഥാനങ്ങളിൽ വരുന്നതിനും കേരളാ രാഷ്ട്രീയത്തിനും, കേരളത്തിന്റെ വികസനത്തിനും ഗുണം ചെയ്യും. സംയോജിത കേരളാ കോൺഗ്രസ് ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം (എൻ.ഡി.എ.) ചേർന്നാൽ അത് വലിയ കർഷക മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കും. 2021 ലെ പൊതുതിരഞ്ഞെടുപ്പിനു തന്നെ അത് സാധ്യമാകും. 2006-ഇൽ കർണാടകയിൽ കുമാരസ്വാമി വെറും 59 സീറ്റുണ്ടായിരുന്നിടത് ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായത് നാം മറന്നു കൂടാ. അത്തരമൊരു രാഷ്ട്രീയ സാധ്യതയെ എല്ലാ കേരളാ കോൺഗ്രെസ്സുകളും പരിഗണിക്കേണ്ടതാണ്. ഇരു മുന്നണികളുടെ ആട്ടും തുപ്പുമേറ്റു അവർക്കു എത്ര നാൾ ഇങ്ങനെ മുന്നണികളിൽ തുടരാൻ കഴിയും ?

പാലാ ഉപതെരഞ്ഞെടുപ്പിൽ പോലും ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‍നം പരിഹരിക്കാൻ കോൺഗ്രസ് മുൻകൈ എടുത്തില്ല എന്നത് നാം പ്രെത്യേകം നിരീക്ഷിക്കണം. പകരം തെരഞ്ഞെടുപ്പിന്റെ മൊത്തം ചുമതല കോൺഗ്രസ് ഏറ്റെടുക്കുകയാണ് ചെയ്തത്. എന്നിട്ട് പരാജയം ഉറപ്പുവരുത്തുകയും ചെയ്തു. കെ.എം. മാണിയെന്ന വട വൃക്ഷത്തിന്റെ സംരക്ഷണം ഇന്ന് പാർട്ടിക്കില്ല. എന്നാൽ ആ ക്ഷീണം തീർക്കേണ്ടത് ചടുലമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ് .കേരളത്തിൽ കേരളാ കോൺഗ്രിസിന്‌ യോജിക്കാൻ പറ്റുന്ന പാർട്ടി ബി.ജെ.പി യാണ്. ബിജെപിയുമായി ചേർന്നാൽ ക്രിസ്ത്യൻ വോട്ടുകൾ എതിരാകുമോ എന്ന ധാരണക്ക് ഇന്ന് യാതൊരു പ്രസക്തിയുമില്ല. എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന പി സി തോമസ്സിന്റെ വിജയം മാത്രം നാം നോക്കിയാൽ മതി. 2000-ൽ കോട്ടയം ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ കുറവിലങ്ങാട് ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർഥി കേരള കോൺഗ്രസിന്റെ പിന്തുണയോടെ ജയിച്ചതും, പകരം മൂന്നു സീറ്റുകളിൽ ബിജെപി കേരളം കോൺഗ്രസിനെ ജയിപ്പിച്ചതും മറന്നു കൂടാ.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ, തൃശൂരിനും, തിരുവനന്തപുരത്തിനും ഇടയിലുള്ള 80 നിയമസഭാ മണ്ഡലലങ്ങളിൽ, 30-ഇൽ അധികം നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒരു തരംഗത്തിൽ ഒറ്റക്കുതന്നെ വിജയിക്കാൻ സാധ്യതയുണ്ട്.. കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തിരഞ്ഞടുപ്പുകളിൽ മുപ്പതിനായിരത്തിൽ അധികം വോട്ടുകൾ ബിജെപി മേൽപ്പറഞ്ഞ നിയസഭാ മണ്ഡലങ്ങളിൽ നേടിയിരുന്നു. ഇതിൽ തന്നെ തിരുവനന്തപുരത്തെ രണ്ടോ, മൂന്നോ നിയമസഭാ മണ്ഡലങ്ങൾ ഒഴികെ മറ്റു സ്ഥലങ്ങളിൽ ബിജെപിക് വിജയസാധ്യത ആരും നൽകിയിരുന്നില്ല. അതായത് ബിജെപിക് ലഭിച്ചത്, ബിജെപിയുടെ കേഡർ വോട്ടുകൾ മാത്രമായിരുന്നു.
പൗരത്വ ബില്ലിൽ നിഷേധാത്മക സമീപനം സ്വീകരിച്ച ഇടത്, വലത് മുന്നണികൾക് എതിരെയുള്ള വിധി എഴുത്ത് ആയിരിക്കും അടുത്ത നിയസഭാ തിരെഞ്ഞെടുപ്പ്. മേൽപ്പറഞ്ഞ മേഖലകളിൽ നിർണായക സ്വാധീനം ഉള്ള സീറോ മലബാർ സഭയും, ഓർത്തഡോക്സ് വിഭാഗവും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ആയിരിക്കും നിൽക്കുക. കാരണം ലൗ ജിഹാദ് വിഷയത്തിൽ സീറോ മലബാർ സഭക്കൊപ്പവും, സഭാ തർക്കത്തിൽ സുപ്രീം കോടതി വിധി വന്നപ്പോൾ ഓർത്തഡോക്സ് സഭയുടെ കൂടെയും നിന്നത് ബിജെപി മാത്രമായിരുന്നു.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏകദേശം നാല് ശതമാനത്തോളം ക്രിസ്തിയാനികൾ ബിജെപിക് വോട്ട് ചെയ്തതായാണ് പറയപ്പെടുന്നത്. അങ്ങനയാണെങ്കിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ആ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരും. അടുത്ത കാലത്തേ തെരഞ്ഞെടുപ്പുകളിൽ ബിജെപി 15 -16 % വോട്ടുകൾ നേടിയിരുന്നു. അത് ഇരട്ടിയാക്കുക മാത്രമേ കേരളാ ഭരണം പിടിക്കാൻ ആവശ്യമുള്ളൂ. അതായത്, ഒരു ത്രിപുര കേരളത്തിൽ അവർത്തിക്കപ്പെട്ടേക്കാം. ബിജെപിയുടെ കൂടെ കൂടിയാൽ അടുത്തെങ്ങും അധികാരം കിട്ടില്ല എന്ന ഉൾഭയം ആവശ്യമില്ല. ബിജെപിയും കേരളാ കോൺഗ്രസ്സും ഒന്നിക്കുന്ന നിമിഷം കേരളത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രവും ചരിത്രവും, മാറും. ഒരു ഹിന്ദു- ക്രിസ്ത്യൻ ഐക്യം ഭരണത്തിലേക്ക് വരുന്നു എന്ന് വന്നാൽ ജനപിന്തുണ ഒരു പ്രളയം പോലെ ആർത്തലച്ചു വന്നു കൊള്ളും.

നിലവിലുള്ള ഇത്തരം രാഷ്ട്രീയ സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചു കേരളത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാൻ വിട്ടുവീഴ്ചയിലും, കഷ്ടപ്പാടിലും ത്യാഗത്തിലുമൂന്നിയ ഒരു രാഷ്ട്രീയ തീരുമാനമാണ് കേരളാ കോൺഗ്രസ് എടുക്കേണ്ടത്. അങ്ങനെ വന്നാൽ, കേരള കോൺഗ്രസിന്റെ ചിരകാല സ്വപ്നം സഫലമാകും. അടിമത്വം അവസാനിക്കും. പുതു ചരിത്രമെഴുതും. അല്ലായെങ്കിൽ ഇപ്പോൾ കുട്ടനാട് സീറ്റ് എടുക്കാൻ ശ്രമിക്കുന്നതുപോലെ ഓരോ സീറ്റും കൊണ്ഗ്രെസ്സ് കവർന്നുകൊണ്ടേയിരിക്കും. കോവിഡ് കാല രാഷ്ട്രീയത്തിൽ ഇടതു മുന്നണി മേൽക്കൈ നേടി എന്ന് ചിന്തിച്ചു ഒരു രാഷ്ട്രീയ നീക്കത്തിന് കേ-കോ ഇറങ്ങി പുറപ്പെട്ടാൽ പിന്നീട് അത് തിരിച്ചടിയാകും എന്നും ഓര്മപ്പെടുത്തട്ടെ.

Top