കോട്ടയം: മാണി സി കാപ്പൻ എംഎൽഎ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി. കാപ്പനാണ് പ്രസിഡന്റ്. ബാബു കാർത്തികേയനെ വർക്കിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു. സുൾഫിക്കർ മയൂരിയും പി ഗോപിനാഥുമാണ് വൈസ് പ്രസിഡന്റുമാർ. 11 ജില്ലാ പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. യുഡിഎഫിനോട് ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടതായും അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാണി സി. കാപ്പൻ പറഞ്ഞു. പാലാ ഉൾപ്പെടെ മൂന്ന് സീറ്റുകളാണ് യുഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എൽഡിഎഫ് തന്നോട് കാണിച്ചത് കടുത്ത അനീതിയാണെന്ന് കാപ്പൻ പറഞ്ഞു. മൂന്ന് തെരഞ്ഞെടുപ്പുകളിൽ മാണിയെ നേരിട്ട താൻ അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചു. 25000 വോട്ടിന്റെ ഭൂരിപക്ഷമാണ് നാലായിരത്തിൽ പരമാക്കി കുറച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റും നഷ്ടപ്പെട്ട് എൽഡിഎഫ് വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് പാലാ താൻ തിരിച്ചുപിടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിലേക്ക് വരണമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാണി സി കാപ്പനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ പാർട്ടി രൂപീകരിച്ച് ഘടകകക്ഷി പദവിക്ക് ശ്രമിക്കാനായിരുന്നു മാണി സി കാപ്പന്റെ തീരുമാനം. മാണി സി. കാപ്പൻ ആണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായി പാലായില്‍ മൽസരിക്കുന്നത് എങ്കിലും അഭിമാന പോരാട്ടം ആയിട്ടാണ് ജോസഫ് വിഭാഗം പാലായിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്. അത്കൊണ്ട് തന്നെ അരയും തലയും മുറുക്കി ജോസഫ് വിഭാഗം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ജോസ് കെ.മാണി തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായി എത്തുന്ന സാഹചര്യത്തിൽ ഏത് വിധേനയും ജോസ് കെ.മാണിയെ തോൽപ്പിക്കാൻ ആണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്.
ഇന്നലെ പാലായിൽ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗത്തിൽ സജീവമായി തന്നെ ജോസഫ് വിഭാഗം ഉണ്ടായിരുന്നു. കാപ്പൻ ചുരുങ്ങിയ കാലയളവിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒപ്പം ജോസ് പക്ഷത്തെ വിള്ളലുകൾ മുതലെടുക്കാൻ ഉള്ള രഹസ്യ നീക്കങ്ങളും ജോസഫ് വിഭാഗം നടത്തുന്നുണ്ട്. യു.ഡി.എഫിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പല വിട്ടുവീഴ്ചയ്ക്കും ജോസഫ് വിഭാഗം തയ്യാറായേക്കും.