ബാർകോഴയിൽ ജോസ് കെ മാണിയും!!!പരാതി പിൻവലിക്കാൻ 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ആരോപണം.

തിരുവനന്തപുരം: കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കാന‍് ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍. ബാർ കോഴ കേസിൽ കെ എം മണിക്കെതിരായ ആരോപണം പിൻവലിക്കാൻ 10 കോടി രൂപ ജോസ് കെ മാണി കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ബിജു രമേശാണ് രംഗത്ത് വന്നത്. തനിക്കും മറ്റ് നിരവധി ബാറുടമകൾക്കും ഇക്കാര്യം അറിയാം. മാധ്യമങ്ങളോട് ആരോപണം തെറ്റെന്ന് പറയണമെന്നായിരുന്നു ആവശ്യം.പരാതി പിൻവലിച്ചില്ലെങ്കിൽ ഗുരുതര ഭവിഷ്യത്തുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിജു രമേശ് വെളിപ്പെടുത്തി.

ബാര്‍ കോഴ വിവാദം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ നിന്നുണ്ടായതല്ല. ആരോപണങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തേയും വേട്ടയാടിയെന്നും അദ്ദേഹം പറയുന്നു. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കോടികളാണ് തനിക്ക് നഷ്ടമായതെന്നും ബാറുടമ കൂടിയായ ബിജു രമേശ് പറഞ്ഞു. ബാര്‍കോഴ ആരോപണത്തില്‍ ഏത് കേന്ദ്ര ഏജന്‍സിയെ വെച്ചുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് പറഞ്ഞു.

ഈ ആരോപണം നടത്തിയതിന് പിന്നാലെ ചര്‍ച്ച നടത്തിയത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനുമായാണ്. ബാര്‍ കോഴ കേസ് ഇല്ലായിരുന്നെങ്കില്‍ കെഎം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നതായും ബിജു രമേശ് പറഞ്ഞു. പിസി ജോര്‍ജ്ജും ഒരു തവണ തന്നെ വിളിച്ചിരുന്നു. സുകേശനയെ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് പറ‍ഞ്ഞു.

അതേസമയം, ബാര്‍കോഴ കേസിനേക്കുറിച്ച് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത് ഔദ്യോഗിക റിപ്പോര്‍ട്ട് അല്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

Top