കൊച്ചി: ഇന്ത്യയിലെ ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാരുടെ ആശിര്‍വാദത്തോടെ രൂപീകരിക്കുന്ന എന്‍പിപിയെ കേരള കോണ്‍ഗ്രസിന് ബദലാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ആണ് പുതിയ പാര്‍ട്ടി
ജോണി നെല്ലൂരിനെ കൂടാതെ വിവിധ സംഘടനകളില്‍ നിന്നുള്ള വിവി അഗസ്റ്റിന്‍, പിഎം മാത്യു, ജോര്‍ജ് ജെ മാത്യു, വിക്ടര്‍ ടി തോമസ്, മാത്യു സ്റ്റീഫന്‍, സിപി സുഗതന്‍, ബാബു ജോര്‍ജ്, ‘കാസ’ ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം തുടങ്ങി ഒട്ടേറെ നേതാക്കള്‍ പുതിയ പാര്‍ട്ടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്‍പിപിയെ എന്‍ഡിഎയുടെ ഘടകകക്ഷിയാക്കാനാണ് നീക്കം. ശനിയാഴ്ച പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടായേക്കും. വിക്ടര്‍ ടി തോമസ്, ജോണി നെല്ലൂര്‍ അടക്കമുളള നേതാക്കളുമായി ബിജെപി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നാണ് വിവരം. വലിയ സമ്മേളനം നടത്തി വിക്ടറിന് അംഗത്വം നല്‍കാനാണ് നീക്കം. അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വത്തിന്റേതായിരിക്കും.
എന്‍പിപിക്ക് ക്രൈസ്തവ സഭാ നേതൃത്വങ്ങളില്‍ നിന്ന് പിന്തുണ ഉറപ്പിക്കാന്‍ ബിജെപിയുടെ ദേശീയ നേതാക്കളടക്കം രംഗത്തുണ്ട്. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ബിജെപിയില്‍ എത്തുകയും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത എറണാകുളത്തെ മുതിര്‍ന്ന നേതാവ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. പ്രധാന മതമേലധ്യക്ഷനുമായി അടുത്ത ബന്ധമുള്ളയാളാണ് ഈ നേതാവ്. കാസ, ആക്ട്‌സ് എന്നീ സമീപകാലത്ത് രൂപീകരിച്ച ചില ക്രൈസ്തവ സംഘടനകളും എന്‍പിപിയുടെ ഭാഗമാകും.
ക്രൈസ്തവ സമുദായത്തിന്റെ മാത്രം പാര്‍ട്ടി എന്നതായിരുന്നു ആദ്യ അജണ്ടയെങ്കിലും ഇപ്പോള്‍ മതേതര മുദ്രയോടെ പ്രവര്‍ത്തിക്കാനാണ് എന്‍പിപി നേതൃത്വം ആലോചിക്കുന്നത്. ഹിന്ദു പാര്‍ലമെന്റ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ ഭാരവാഹികളും പുതിയ പാര്‍ട്ടിയുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.