കറിക്കായത്തിന്റെ പെട്ടി പൊട്ടിത്തെറിച്ചു ; 2 പേര്‍ക്ക് പരിക്ക്

കറിക്കായത്തിന്റെ പെട്ടി പൊട്ടിത്തെറിച്ച്‌ പാലക്കാട് പട്ടാമ്പിക്കടുത്ത്‌ വിളയൂരില്‍ രണ്ട് പേര്‍ക്ക് പരിക്ക്. പൊലീസ് അന്വേഷണം തുടങ്ങി. വിളയൂര്‍ ഗള്‍ഫ്‌റോഡില്‍ തുമ്പത്തൊടി ഹമീദിന്റെ ഭാര്യ ആയിഷ, സഹോദര പുത്രന്‍ 4 വയസ്സുള്ള ഷിഫാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ദിവസങ്ങള്‍ക്കു മുമ്പ് വാങ്ങിവച്ച കറിക്കായത്തിന്റെ ചെറിയ പെട്ടി അച്ചാര്‍ പാകം ചെയ്യുന്നതിനിടെ തുറന്നപ്പോഴാണ് സംഭവം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് വീട്ടമ്മ പറയുന്നു. ആയിഷയുടെ മുഖത്തും ആയിഷയുടെ സഹോദരന്റെ പുത്രന്‍ നാലു വയസുകാരന്‍ ഷിഫാന്റെ കാലിനുമാണ് പരിക്ക് പറ്റിയത്. കാലില്‍ ആഴത്തിലുളള മുറിവ് സംഭവിച്ചു. തുടര്‍ന്ന് ഇവരെ കൊപ്പത്തെ സ്വകാര്യആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് പുലമന്തോളിലെ കടയില്‍ നിന്നുമാണ് വീട്ടുകാര്‍ കായം വാങ്ങിയത്. സംഭവത്തെ തുടര്‍ന്ന് കൊപ്പം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി . വാണിയംകുളത്ത് നിന്നുമാണ് പുലാമന്തോളിലെ കടയിലേക്ക് ഇത് കൊണ്ടുവന്നതെന്നാണ് കടക്കാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കൊപ്പം പൊലീസ് അറിയിച്ചു.

Latest