ഫോണ്‍ പോലുമില്ലാതെ ഏഴ് ദിവസം, സിസിടിവിയെ പേടിച്ച് വാഹനത്തിന് പുറത്തിറങ്ങിയില്ല; ഒളിച്ചത് സത്യമംഗലം കാട്ടിനുള്ളില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാറും സഹായി ബിനുവും ഒളിവില്‍ പാര്‍ത്തത് കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ കാറില്‍. പോലീസിന് ഒരു തരത്തിലും കണ്ടെത്താതിരിക്കാനായി മൊബൈല്‍ ഫോണ്‍ ഇവര്‍ ഉപയോഗിച്ചില്ല. എടിഎമ്മുകളില്‍ പോലും കയറാതെ കൈയ്യില്‍ കരുതിയിരുന്ന പണം മാത്രമാണ് ഉപയോഗിച്ചത്. വാഹനത്തില്‍ നിന്ന് പുറത്തുപോലും ഇറങ്ങാതെ നരകതുല്യമായ എട്ട് ദിവസങ്ങളാണ് ഇവര്‍ കഴിച്ചുകൂട്ടിയത്.
നവംബര്‍ 7 ന് രാത്രി പത്തുമണിയോടെ നടന്ന സംഭവത്തിന് ശേഷം വിവരം ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞ ശേഷം മുങ്ങുകയായിരുന്നു. പല സ്ഥലങ്ങളിലായി വാഹനത്തില്‍ യാത്ര ചെയ്ത സംഘം കര്‍ണാടക, മൈസൂര്‍, മൂകാംബിക എന്നിവിടങ്ങളിലും സത്യമംഗലം കാട്ടിലുമായിരുന്നു ഒളിവില്‍ കഴിഞ്ഞതെന്ന് പിടിയിലായ ബിനു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. വാഹനത്തില്‍ തന്നെ ഒളിവില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. ഇതിനിടയില്‍ ഒളിവില്‍ വാസം ശാരീരികമായും മാനസീകമായും ഹരികുമാറിനെ തകര്‍ത്തതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനം എടുത്തത്.
തിരികെ കല്ലമ്പലത്തെ ഹരികുമാറിന്റെ വീട്ടിലേക്ക് ചെങ്കോട്ട വഴി അവര്‍ രാത്രി എത്തി. പിറ്റേന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഹരികുമാറിനെ കണ്ടെത്തിയത്. ഹരികുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് സഹായിയായ ബിനുവും ഡ്രൈവര്‍ രമേശും കഴിഞ്ഞ ദിവസം കീഴടങ്ങുകയായിരുന്നു. ഇവരാണ് പോലീസിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Top