സഹപ്രവര്‍ത്തകയായ വനിതാ പൊലീസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നു; പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍  

 

മുംബൈ: മഹാരാഷ്ട്രയില്‍ സഹപ്രവര്‍ത്തകയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സഹപ്രവര്‍ത്തകനായ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. താനെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അഭയ് കുരുന്ദ്കര്‍ ആണ് അറസ്റ്റിലായത്. കുടെ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ അശ്വിനി രാജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നവി മുംബൈയില്‍ മനുഷ്യവകാശ കമ്മീഷനില്‍ ഉദ്യോഗസ്ഥയായിരുന്ന അശ്വിനി രാജു ആണ് കൊല്ലപ്പെട്ടത്. 2005ല്‍ കോലാപ്പൂര്‍ സ്വദേശിയായ രാജു ഗോര്‍ എന്ന് യുവാവുമായി വിവാഹം കഴിഞ്ഞ അശ്വിനി 2007 ല്‍ എം.പി.എസ്.സി പരീക്ഷയിലൂടെ പൊലീസ് ഇന്‍സ്പെക്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. അവിടെ സഹപ്രവര്‍ത്തകനായ കുരുന്ദ്പൂറിനെ കണ്ടുമുട്ടുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. അശ്വിനിയെ വിവാഹം കഴിക്കാമെന്ന് കുരുന്ദ്പൂര്‍ വാക്ക് നല്‍കിയിരുന്നു. പിന്നീട് അശ്വിനിക്ക് താനെയില്‍ സ്ഥലമാറ്റം ലഭിക്കുകയും അവിടേക്ക് സ്ഥലം മാറിയെത്തിയ കുരുന്ദ്പൂറുമായി ഒരുമിച്ച് താമസിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഈ ബന്ധത്തെക്കുറിച്ചറിഞ്ഞ അശ്വിനിയുടെ ഭര്‍ത്താവ് അവരുമായുള്ള ബന്ധം ഉപേക്ഷിച്ച് മകളുമായി ഒറ്റയ്ക്കാണ് താമസം. എന്നാല്‍ കുറച്ചുകാലങ്ങളായി തന്നെ വിവാഹം കഴിക്കണമെന്ന് കുരുന്ദ്പൂറിനോട് അശ്വിനി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വിവാഹത്തിന് താത്പര്യമില്ലാതിരുന്ന കുരുന്ദ്പൂര്‍ അശ്വിനിയെ തട്ടികൊണ്ടുപോയി കൊന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ എപ്രിലില്‍ ആണ് അശ്വിനിയെ കാണാനില്ലെന്ന പറഞ്ഞ് സഹോദരന്‍ ആനന്ദ് ബേഡര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആണ് കുരുന്ദ്പൂര്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ തട്ടികൊണ്ടുപോകല്‍, ഭീക്ഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Top