വിചാരണ നടക്കട്ടെയെന്ന് ചിരിച്ചുകൊണ്ട് ജോസ് കെ മാണി; ആവര്‍ത്തിച്ച് ചോദിച്ചിട്ടും രാജിയില്‍ പ്രതികരണമില്ല.സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കു​ന്നു, നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​മെ​ന്ന് ശി​വ​ൻ​കു​ട്ടി

തിരുവനന്തപുരം :നിയമസഭാ കേസിൽ സുപ്രിംകോടതി വിധി പ്രകാരം വിചാരണ നടപടികള്‍ മുന്നോട്ടുപോകട്ടെയെന്ന് ജോസ് കെ മാണി. നിയമസഭയിലുണ്ടായ സംഭവവികാസങ്ങളില്‍ എംഎല്‍എമാരും ഇതുമായി ബന്ധപ്പെട്ട അംഗങ്ങളും വിചാരണ നേരിടണമെന്നാണ് വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ തെറ്റിലേക്കും ശരിയിലേക്കും പോകാനില്ല. മറ്റുകാര്യങ്ങള്‍ വിചാരണ വരുമ്പോള്‍ ആ ഘട്ടത്തില്‍ പറയാമെന്നും ജോസ് കെ മാണി പറഞ്ഞു.

ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് എന്താണെന്നും അത് എങ്ങനെയുണ്ടായെന്നും ജനങ്ങള്‍ക്ക് അറിയാം. ഇനിയും അത് ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വി ശിവന്‍കുട്ടിയുടെ രാജി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജിക്കാര്യത്തെക്കുറിച്ച് മന്ത്രി തന്നെ പത്രസമ്മേളനം വിളിച്ച് തീരുമാനമറിയിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും രാജി കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ജോസ് കെ മാണി തയ്യാറായില്ല.

സര്‍ക്കാരിന്റെ ഭാഗമാണ് വിദ്യാഭ്യാസമന്ത്രി അദ്ദേഹത്തിന്റെ നിലപാട് ഇത് അന്തിമവിധിയല്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നുമാണ്. ഈ ഘട്ടത്തില്‍ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട നടപടികളിലേക്ക് തന്നെയാണ് സര്‍ക്കാര്‍ പോകേണ്ടതെന്നും വിചാരണ നടക്കട്ടെയെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കുമെന്നും ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

“സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. എല്ലാ ബഹുമാനവും നിലനിര്‍ത്തി വിധി അംഗീകരിക്കുന്നു. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിച്ചതെന്നാണ് മനസിലാക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കും. വിചാരണ കോടതിയില്‍ കേസ് നടത്തുകയും അവിടെ നിരപരാദിത്വം തെളിയിക്കുകയും ചെയ്യും.”- വി ശിവന്‍ കുട്ടി പറഞ്ഞു. ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ട്. ധാരാളം കേസുകളില്‍ വിചാരണ നേരിടാറുണ്ട്. ഇതൊരു പ്രത്യേക കേസാണ്. വിധിയെ മാനിച്ചുകൊണ്ട് വിചാരണ കോടതിയില്‍ ഹാജരാവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹർജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കയ്യാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കണ്ടെത്തിയത്. വി ശിവന്‍കുട്ടിയെ കൂടാതെ ഇ പി ജയരാജൻ, കെടി ജലീൽ, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത് അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Top