ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബംഗളൂരു സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതിയാണ് ബിനീഷിന്റെ ഹർജി തള്ളിയത്. ബിനീഷ് നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്.രണ്ടാം തവണയാണ് ജാമ്യാപേക്ഷ തള്ളിയത്. നാളെ ബിനീഷിന്‍റെ റിമാന്‍ഡ് കാലാവധി തീരും. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് നീട്ടും. ഈ സാഹചര്യത്തില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്‍റെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇ.ഡി ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓക്ടോബർ 29 നാണ് ഇഡി ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിയ്ക്ക് ജാമ്യം നൽകരുതെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2012 മുതൽ 2019 വരെ 5,17,36,600 രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തി. ഇതിൽ 1,16,76,276 രൂപയ്ക്ക് മാത്രമെ ബിനീഷ് ഐടി റിട്ടേൺ സമർപ്പിച്ചിട്ടുള്ളുവെന്നും ഇഡി കണ്ടെത്തിയിരുന്നു.