തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന രാഷ്ട്രീയക്കൊലപാതകങ്ങള്‍ സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പ്. രാഷ്ട്രീയക്കൊലപാതകങ്ങള്‍ അന്വേഷിക്കാമെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാറിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ നിലപാട് ഹൈക്കോടതിയെ അറിയിക്കും.
തിങ്കളാഴ്ച കണ്ണൂര്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാകും ഇക്കാര്യം അറിയിക്കുക. കൊലപാതകക്കേസുകള്‍ മികച്ചനിലയില്‍ പോലീസ് അന്വേഷിച്ചുവരികയാണ്. അത് സി.ബി.ഐ.ക്ക് കൈമാറേണ്ട സാഹചര്യമില്ല.
തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എട്ട് ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഇതില്‍ നാലെണ്ണം കണ്ണൂര്‍ ജില്ലയിലാണ്.
ഉന്നത രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായാണ് കണ്ണൂരിലെ കൊലപാതകങ്ങളെന്നും അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ശ്രമമെന്നും ഹര്‍ജിയില്‍ ആരോപിച്ചു. അതിനാല്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് ഒരു ജില്ലയില്‍മാത്രം ഇത്രയും രാഷ്ട്രീയകൊലപാതകങ്ങളെന്ന് ഹൈക്കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. എന്നാല്‍, കേസുകളില്‍ നിഷ്പക്ഷമായും സത്യസന്ധമായും അന്വേഷണം നടക്കുകയാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഒരു ജില്ലയില്‍മാത്രമല്ല കൊലപാതകങ്ങള്‍ നടക്കുന്നത്. കണ്ണൂരില്‍ സമാധാനചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
എല്ലാ കൊലപാതകങ്ങള്‍ക്കുപിന്നിലും രാഷ്ട്രീയമല്ല. കുടുംബവഴക്കിനെത്തുടര്‍ന്നുള്ള കൊലപാതകങ്ങള്‍പോലും രാഷ്ട്രീയമെന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.