ലോക്‌സഭ: സിപിഎം കൊടിപാറിക്കുന്നത് പിന്നാക്ക ദലിത് സംഘടനകളിലൂടെ; തകര്‍ന്നടിയുന്നത് കോണ്‍ഗ്രസ്

കണ്ണൂര്‍: ശബരിമലയിലെ വിവാദങ്ങളും സംഘര്‍ഷങ്ങളും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ വിജയിച്ചത് സിപിഎമ്മാണ്. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് പാര്‍ശ്വവത്കൃത സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികള്‍ കടന്നുവന്നു എന്നതാണ് പറയാനാകുന്ന പ്രത്യേകത. ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പിന്നാക്ക സമുദായങ്ങളുടെ വലിയ നിരയാണ് സിപിഎമ്മിന് ഒപ്പം കൂടിയത് എന്ന് വേണമെങ്കില്‍ പറയാം.

കേരളത്തിലെ ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതുമുന്നണിയിലേക്ക് വരുമെന്ന് ഏതാണ്ട ഉറപ്പായിക്കഴിഞ്ഞു. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടാണ് സികെ ജാനു കൈക്കൊണ്ടത്. സ്ത്രീ പ്രവേശനം അനുവദിക്കണമെന്നും ക്ഷേത്രം മലയരയര്‍ക്ക് വിട്ടുനല്‍കണമെന്നും സികെ ജാനും പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പേ സി.കെ. ജാനുവിനെ ഇടയുപാളയത്തില്‍ എത്തിക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഏതു മുന്നണിയുമായിട്ടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നാണ്, എന്‍.ഡി.എ. വിട്ട ഘട്ടത്തില്‍ സി.കെ. ജാനു പരസ്യമായി പറഞ്ഞത്. സി.പി.എം., സി.പി.ഐ. നേതാക്കള്‍ മാത്രമാണ് ഇതുസംബന്ധിച്ച് ജാനുവുമായി ചര്‍ച്ച നടത്തിയത്. വയനാട്ടില്‍ സി.പി.എം. പരിപാടികളിലേക്ക് ജാനുവിനെ ക്ഷണിച്ചു തുടങ്ങി.

ദലിത് സംഘടനകളുടെ വലിയ നിരയാണ് സിപിഎമ്മിന് പിന്നില്‍ അണിനിരന്നിട്ടുള്ളത്. കേരളത്തിലെ ഏറ്രവും വലിയ ദലിത് സംഘടനയായ കെപിഎംഎസ് ശബരിമല വിഷയത്തില്‍ വ്യക്തമായ അഭിപ്രായം പറഞ്ഞ സംഘടനയാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഇടതുപക്ഷാഭിമുഖ്യമുള്ള വ്യക്തിയായി മാറിയിരിക്കുന്നെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ മനസിലാകുന്നത്. മുമ്പ് സോണിയ ഗാന്ധിയെവരെ പങ്കെടുപ്പിച്ച് പരിപാടികള്‍ നടത്തുകയും കൊടുക്കുന്നില്‍ സുരേഷുമായി നല്ല ബന്ധത്തില്‍ കഴിയുകയും ചെയ്ത സംഘടന നവോത്ഥാന ആശയങ്ങള് കൈവിടാനാവില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.

കെപിഎംഎസിനെക്കൂടാതെ മുമ്പ് കോണ്‍ഗ്രസുമായി ശക്തമായ ബന്ധമുണ്ടായിരുന്ന കെഡിഎഫും സിപിഎമ്മിന് പിന്തുണ നല്‍കാന്‍ മുന്‍പന്തിയിലുണ്ട്. കെഡിഎഫിന്റെ വനിതാ പ്രതിനിധി ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള ശ്രമവും നടത്തിയിരുന്നു. ആചാര ലംഘനമായിരുന്നു എന്നും ദലിതരെ മുന്നോട്ട് നയിച്ചിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞാണ് സംഘടന മുന്നോട്ട് പോകുന്നതെന്നാണ് നേതാക്കന്മാര്‍ വിശദീകരിക്കുന്നത്. വരുന്ന ഇലക്ഷനില്‍ ഇത് വോട്ടായി പ്രതിഫലിക്കും

സ്ത്രീ പ്രവേശനത്തിനായുള്ള സുപ്രീം കോടതി വിധിയുടെ മറ്റൊരുവശം തന്ത്രികളുടേയും പൂജാരിമാരുടേയും അപ്രമാദിത്വം തകരുമെന്നുള്ളതായതിനാല്‍ പൂര്‍ണ്ണ പിന്തുണയാണ് ദലിത് സംഘനടകള്‍ നല്‍കുന്നത്. ഇത്തരത്തില്‍ അധികാര വടംവലിയില്‍ നേട്ടമുണ്ടാക്കിയ സിപിഎം മുന്നോട്ട് പോകുമ്പോള്‍ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ബിജെപി നിലപടുകളോടൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പതനമാകും അടുത്ത തെരഞ്ഞെടുപ്പെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഹിന്ദുത്വ സംഘടനകളോ വ്യക്തികളോ കോണ്‍ഗ്രസിനെ ഈ വിഷയത്തില്‍ പിന്തുണക്കാന്‍ എത്തിയിട്ടില്ല എന്നത് മാത്രമല്ല ബിജെപിയിലേക്ക് നല്ല ഒഴുക്കും നടക്കുന്നുണ്ട്.

Top