കെ.പി.സി.സിയില്‍ നേതൃമാറ്റമുണ്ടാകില്ല , പുനഃസംഘടനയുണ്ടാകും

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്പ്പില്‍ ഉണ്ടായ കനത്ത പരാജയം മൂലം കോണ്‍ഗ്രസില്‍ പുനഃസംഘടനയുണ്ടാകും .എന്നാല്‍ കെ.പി.സി.സിയില്‍ നേതൃമാറ്റമുണ്ടാകില്ല .പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ വ്യക്തമാക്കി. ജയവും പരാജയവും രാഷ്ട്രീയ പ്രവര്‍ത്തനത്തിെന്‍റ ഭാഗമാണ്. സംഘടനാ തലത്തില്‍ കാതലായ പുന:ക്രമീകരണമുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പാര്‍ട്ടിയെയും മുന്നണിയെയും സജീവമാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ രാഹുല്‍ നിര്‍ദേശിച്ചതായും സുധീരന്‍ വ്യക്തമാക്കി.
കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ തീരുമാനിച്ചതുപോലെ പ്രവര്‍ത്തനക്ഷമമല്ലാത്ത ഘടകങ്ങളെ സജീവമാക്കുന്ന രീതിയിലുള്ള പുന:ക്രമീരണമാണ് നടക്കുകയെന്നും സുധീരന്‍ പറഞ്ഞു. പ്രവര്‍ത്തനക്ഷമതയുടെ അടിസ്ഥാനത്തില്‍ പുന:ക്രമീകരണം നടത്തി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍
രാവിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കെ.പി.സി.സിയില്‍ നേതൃമാറ്റമുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു.
പാര്‍ട്ടിക്ക് സര്‍വതലത്തിലയും ആവശ്യമായ പുനര്‍ക്രമീകരണം വരുത്താനാണ് തീരുമാനം. പ്രവര്‍ത്തന ക്ഷമമല്ലാത്ത ഘടകങ്ങളെ മാറ്റി പ്രവര്‍ത്തന സജ്ജമായതിനെ കൊണ്ടുവരാനാണ് കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ ഉയര്‍ന്ന തീരുമാനം. പ്രവര്‍ത്തന ക്ഷമതയുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരണം വരുത്തി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് എത്തിക്കാനാണ് രാഹുല്‍ ഗാന്ധിയും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏതെല്ലാം തലത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത് ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് വിലയിരുത്തി വിശദമായി സംസാരിച്ചു. കോണ്‍ഗ്രസിനും യു.ഡി.എഫിനും കനത്ത പരാജയമാണുണ്ടായത്. രാഷ്ട്രീയത്തില്‍ പരാജയങ്ങളും വിജയങ്ങളും ശാശ്വതമല്ല. ഈ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പാര്‍ട്ടിയെയും മുന്നണിയേയും ശക്തമാക്കി മുന്നോട്ടുപോകാനാണ് അദ്ദേഹം നല്‍കിയ നിര്‍ദേശം.
ഇനിയുള്ള കാലം സമരങ്ങളുടേതാണ്. അതിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ ജില്ലാ തലങ്ങളില്‍ പ്രതിഷേധം നടത്താന്‍ കെ.പി.സി.സിയില്‍ തീരുമാനമായിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ രാഷ്ട്രീയതലത്തില്‍ അക്രമങ്ങള്‍ തുടരുകയാണ്. ഇത് വളരെ അപലപനീയമായ നടപടിയാണ്. യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസുകള്‍ക്കു നേരെയും ആക്രമണങ്ങള്‍ തുടരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ല. എല്ലാവരേയും ഒന്നായി കാണുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്ക് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. അക്രമം അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് കഴിയുന്നില്ല. ഈ നിലയ്ക്ക് പോയാല്‍ പ്രതിഷേധം നടത്തേണ്ടിവരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. ഒരു സര്‍വകക്ഷിയോഗം വിളിച്ച് ജനങ്ങളുടെ ആശയക്കുഴപ്പം നീക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.ക്രിയാത്മകമായി പ്രതിപക്ഷത്തിന് ഉത്തരവാദിത്തമേറ്റെടുത്ത് ശക്തമായ സമരങ്ങള്‍ക്ക് കെ.പി.സി.സി നേതൃത്വം നല്‍കും. നേതൃമാറ്റം ചര്‍ച്ചയായിട്ടില്ല. ഇതുസംബന്ധിച്ച് കെ.പി.സി.സിയില്‍ നടന്നുവെന്ന് പറയുന്ന ചര്‍ച്ചകളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top