ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന പേരില്‍ ഡല്‍ഹി പൊലീസ് ചാര്‍ജ് ചെയ്ത കേസ്സ് തെളിവില്ലാതെ വലയുന്നു. വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും പാക്കിസ്ഥാന് സിന്ദാബാദും വിളിക്കുന്നതായി സീ ന്യൂസ് ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ ചാനല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്സെടുക്കുകയും സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് ഇപ്പോള്‍ ഇരുട്ടില്‍ത്തപ്പുകയാണ്.
ഫെബ്രുവരി പത്തിനാണ് സീ ന്യൂസില്‍ വിവാദ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്. ഇതേത്തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് പെട്ടെന്നുതന്നെ വ്യക്തമായി. വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാന്‍ സിന്ദാബാദെന്നോ മറ്റ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളോ വിളിച്ചിട്ടില്ലെന്നും അത് വീഡിയോയില്‍ പിന്നീട് ചേര്‍ത്തതാണെന്നും തെളിയിക്കുന്ന ദൃശ്യങ്ങള്‍ മറ്റ് ചാനലുകളില്‍ വന്നതോടയാണ് പൊലീസ് കുഴപ്പത്തിലായത്.
സീ ന്യൂസില്‍ ഈ വീഡിയോ കൈകാര്യം ചെയ്ത പ്രൊഡ്യൂസര്‍ വിശ്വ ദീപക് രാജിവച്ചത് സംഭവങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചിട്ടുവിട്ടിട്ടുണ്ട്. ഭാരതീയ കോടതി സിന്ദാബാദ് എ്‌നാണ് വിദ്യാര്‍ത്ഥികള്‍ വിളിച്ചതെന്നും പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നല്ലെന്നും വിശ്വ ദീപക് പറയുന്നു. എന്നാല്‍, ഇയാളുടെ രാജി ചാനലിലെ ആഭ്യന്തര പ്രശ്‌നമാണെന്നും ചാനല്‍ പുറത്തുവിട്ട വീഡിയോ യഥാര്‍ഥമാണെന്നും ചാനലിന്റെ എഡിറ്റര്‍ സുധീര്‍ ചൗധരി പറഞ്ഞു.
അതിനിടെ, വീഡിയോ വ്യാജമാണെന്ന തെളിവുകള്‍ സാക്ഷികളില്‍നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ക്യാമ്പസ്സില്‍ ഉണ്ടായിരുന്ന ഒട്ടേറെപ്പേരെ നേരില്‍ക്കണ്ട് ഡപ്യൂട്ടി കമ്മീഷണര്‍ പ്രേം നാഥ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. 29 മുദ്രാവാക്യങ്ങളാണ് അവിടെ മുഴങ്ങിയത്. അതില്‍ പാക്കിസ്ഥാന് സിന്ദാബാദ് വിളികളുണ്ടായിട്ടില്ലെന്നും 12 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.