കൊച്ചി: വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ വെളിപ്പെടുത്തലില്‍ രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രമോദ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.
ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിനെതിരെയാണ് പരാതിയെന്ന് പോലീസ് അറിയിച്ചു. ഐപിസി 117, 153, 118 ഇ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസ്. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് തങ്ങള്‍ക്ക് പ്ലാന്‍ ബിയും സിയും ഉണ്ടായിരുന്നെന്നു രാഹുല്‍ വെളിപ്പെടുത്തിയത്. പരാമര്‍ശം വിവാദമായതോടെ നിലപാടില്‍ നിന്ന് രാഹുല്‍ ഈശ്വര്‍ പിന്‍മാറിയിരുന്നു.
രക്തം വീഴ്ത്തി ശബരിമല നട അടയ്ക്കാന്‍ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്നും നട അടയ്ക്കാന്‍ രക്തം വീഴ്ത്താന്‍ തയാറായി നിന്നവരോട് അതില്‍ നിന്ന് പിന്തിരിയണമെന്നാണ് അഭ്യര്‍ഥിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പിന്നീട് വിശദീകരിച്ചിരുന്നു. ഇത്തരത്തില്‍ പ്ലാന്‍ ബിയും പ്ലാന്‍ സിയും മറ്റും ഭക്തര്‍ക്ക് ഉണ്ടായിരുന്നെങ്കിലും അത് നിരുല്‍സാഹപ്പെടുത്തുന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്. ഇത്തരക്കാരെ തടഞ്ഞുനിര്‍ത്താനാണ് ശ്രമിച്ചതെന്നും രാഹുല്‍ പറയുന്നു.
രാഹുല്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ചെറിയൊര അംശം മാത്രമാണ് പുറത്തു വന്നതെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുലെതിരെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും കടുത്ത വിമര്‍ശനമാണ് രാഹുലിന് നേരിടേണ്ടി വന്നത്.