ദില്ലി: ഉത്തര കൊറിയയുടെ ആണവായുധ ശേഖരം വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇന്ത്യ. കിം ജോംഗ് ഉന്നിന്റെ രാജ്യം ആണവ ടെക്നോളജി നേടിയതിനെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യം ഇന്ത്യ തുടരുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. ആണവ-ബാലിസ്റ്റിക് മിസൈല്‍ ശക്തിയായി നോര്‍ത്ത് കൊറിയ വളരുന്നതിന് പിന്നില്‍ ചൈനയും, പാകിസ്ഥാനുമാണെന്നാണ് ഇന്ത്യ കരുതുന്നത്.
പാര്‍ലമെന്റ് സംഘത്തിന് മുന്നില്‍ നോര്‍ത്ത് കൊറിയ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കവെയാണ് ചൈന-പാക് ഇടപെടലിനെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം അന്വേഷിക്കണമെന്ന നിലപാട് കടുപ്പിച്ചത്. ജനുവരി 16ന് നോര്‍ത്ത് കൊറിയയില്‍ യുഎസും, ക്യാനഡയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാന്‍കോവര്‍ ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കും. ഫ്രാന്‍സ്, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കാളികളാണ്. പ്യോംഗ്യാംഗ് നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ക്കും, സ്വേച്ഛാധിപത്യത്തിനും എതിരെ ട്രംപ് ഭരണകൂടം ശക്തമായ നിലപാട് സ്വീകരിക്കവെ ഇന്ത്യന്‍ നയം സുപ്രധാനമാകും.
യുഎസില്‍ എവിടെയും അക്രമം നടത്താന്‍ കഴിയുന്നതെന്ന് നോര്‍ത്ത് കൊറിയ അവകാശപ്പെടുന്ന പുതിയ മിസൈല്‍ പരീക്ഷണത്തോടെ ആ രാജ്യത്തിനെതിരെയുള്ള പുതിയ ഉപരോധങ്ങള്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചു. നോര്‍ത്ത് കൊറിയയുടെ സുഹൃത്തായ ചൈനയുമായി ആലോചിച്ച ശേഷമാണ് ഈ പ്രമേയം തയ്യാറാക്കിയത്.
പാകിസ്ഥാനുമായുള്ള നോര്‍ത്ത് കൊറിയന്‍ ബന്ധം ഇന്ത്യക്ക് തലവേദനയാണ്. ഡല്‍ഹിയില്‍ അവരുടെ എംബസി സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും വ്യാപാരബന്ധങ്ങള്‍ കാര്യമായില്ല. നോര്‍ത്ത് കൊറിയയുടെ ശത്രുരാജ്യങ്ങളായ ജപ്പാനും, സൗത്ത് കൊറിയയുമായി ഇന്ത്യക്ക് നല്ല ബന്ധമാണുള്ളത്. കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ ന്യൂഡല്‍ഹി രംഗത്ത് വന്നിരുന്നു.