അമൃത്സര്‍: ഭാര്യയുടെ അശ്ലീല വീഡിയോ പുറത്തുവന്നതിന്റെ അപമാനത്തില്‍ പ്രവാസി ഇന്ത്യാക്കാരന്‍ രണ്ട് കുട്ടികളെയും ഭാര്യയെയും തീകൊളുത്തി കൊലപ്പെടുത്തി പിന്നാലെ സ്വയം ജീവനൊടുക്കി. പഞ്ചാബിലെ അലാംഗിര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ഗ്രാമത്തിലെ മറ്റൊരാളുമായി ഭാര്യ മന്‍ദീപ് കൗറിന് അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയതാണ് കുല്‍വീന്ദര്‍ സിംഗ്(35)നെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജോര്‍ദാനില്‍ ജോലി നോക്കിയിരുന്ന കുല്‍വീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
കുല്‍വീന്ദര്‍ സിംഗും മകന്‍ അഭി(5)യും സംഭവസ്ഥലത്തും സോണാല്‍(8) കപുര്‍ത്തല സിവില്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മന്‍ദീപിനെ ജലന്ധറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങി. ഗ്രാമത്തിലെ ഒരാള്‍ തന്റെ അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് മന്‍ദീപ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ഇത് രണ്ട് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ദേഷ്യപ്പെടുകയും വീട്ടിലെത്തി ഉറങ്ങിക്കിടന്ന തങ്ങളുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
മന്‍ദീപിനെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയ സണ്ണി, ബല്‍ക്കര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വീഡിയോയുമായി ബന്ധപ്പെട്ട് മറ്റു നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.