ലെസ്റ്ററിൽ മരിച്ച മുളന്തുരുത്തി സ്വദേശിയുടെ മൃതദേഹം നാട്ടിലേയ്ക്ക്; ഇടപെട്ടത് യുക്മ ഭാരവാഹികൾ

സ്വന്തം ലേഖകൻ
ലണ്ടൻ : കഴിഞ്ഞ ദിവസം ലെസ്റ്ററിൽ മരണപ്പെട്ട മുളന്തുരുത്തി സ്വദേശിയായ മൂന്നുകണ്ടത്തിൽ ഗ്ലോറിസൻ ചാക്കോ (47)യുടെ മരണം സംബന്ധിച്ച അവ്യക്തതകൾ നീങ്ങി. യുക്മ മുൻ പ്രസിഡന്റും ഗ്ലോറിസണിന്റെ നാട്ടുകാരനും ആയ വിജി കെ.പി., ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഭാരവാഹി അജയ് പെരുമ്പലത്ത് എന്നിവരുടെ ഇടപെടലിനെ തുടർന്ന് ആണ് മരണം വാഹനാപകടത്തിലല്ലെന്ന് പോലീസ് വ്യക്തമാക്കിയത്.
ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് ആശുപത്രിയിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും ഗ്ലോറിസൺ എത്തിച്ചേരാതിരുന്നതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയും അന്വേഷിച്ചെത്തിയ പോലീസ് സംഘം ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയും ആയിരുന്നു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
എംബസി അധികൃതർ നാട്ടിലുള്ള ഗ്ലോറിസന്റെ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു മരണവാർത്ത പുറത്ത് വന്നത്. അപകട മരണം എന്ന നിലയിലായിരുന്നു എംബസി അധികൃതർ വിവരം വീട്ടുകാരെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ എംബസി അധികൃതർക്കും അറിയുമായിരുന്നില്ല. തുടർന്ന് ഗ്ലോറിസണിന്റെ ജ്യേഷ്ഠസഹോദരൻ വിജി കെ.പിയെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് എംബസിയുമായും ലെസ്റ്ററിലെ സഹപ്രവർത്തകരുമായും വിജി ബന്ധപ്പെടുകയും മരണം സംബന്ധിച്ച അവ്യക്തതകൾ നീക്കുകയുമായിരുന്നു.
വിജിയുടെ നിർദ്ദേശപ്രകാരം മരണമടഞ്ഞ ഗ്ലോറിസന്റെ മാതാവ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഭാരവാഹി അജയ് പെരുമ്പലത്തിന്റെ പേരിൽ ഗ്ലോറിസണിൻറെ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കുന്നതിനുള്ള പവർ ഓഫ് അറ്റോർണി അയച്ച് നൽകുകയായിരുന്നു. ഇദ്ദേഹം ലെസ്റ്ററിൽ ഉള്ള ലൂയിസ് കെന്നഡി സോളിസിറ്റർസ് എന്ന സ്ഥാപനവുമായി ചേർന്ന് പോലീസ്, കൊറോണർ എന്നിവരെ ബന്ധപ്പെട്ടു. മലയാളികൾ അമരക്കാരായുള്ള ലൂയിസ് കെന്നഡി സോളിസിറ്റർസിലെ കെന്നഡി, ബെന്നി ജോസ് എന്നിവർ ഇക്കാര്യത്തിൽ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. തുടർന്ന്! മരണകാരണം വിശദമാക്കി ഇക്കാര്യം പരിശോധിക്കുന്ന കൊറോണർ അജയ്ക്ക് പൂർണ്ണ വിവരങ്ങൾ കൈമാറി.
വർഷങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് കാരിയെ വിവാഹം കഴിച്ച് യുകെയിൽ എത്തിച്ചേർന്ന ഗ്ലോറിസൻ പിന്നീട് ഇവരുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. തുടർന്ന് വീട്ടുകാരുമായും ബന്ധുക്കളുമായും ബന്ധം പുലർത്തിയിരുന്നില്ല. ലെസ്റ്ററിലെ മലയാളി സമൂഹവുമായും ഗ്ലോറിസൻ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല.
ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ പൂർണ്ണ സഹകരണം ഉണ്ടായിരുന്നു എന്ന്! എംബസിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന വിജി കെ.പി അറിയിച്ചു. ഗ്ലോറിസണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പൂർണ്ണ ചെലവ് എംബസി മുഖാന്തിരം നിർവഹിക്കുമെന്നും അധികൃതർ വിജിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. തുടർന്ന് ഇതിനാവശ്യമായ പേപ്പർ വർക്കുകളും മറ്റും ശരിയാക്കി വരികയാണെന്നും വിജി പറഞ്ഞു. എൽകെസി പ്രസിഡണ്ട് ജോർജ്ജ് എടത്വ, സെക്രട്ടറി അനീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലും ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
Top