ബ്രിട്ടീഷ് പാർലമെന്റിൽ ട്രമ്പിനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ; 20 ലക്ഷം ഒപ്പു ശേഖരണവുമായി പ്രതിഷേധ സംഘടനകൾ

സ്വന്തം ലേഖകൻ
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിഷേധക്കാർ. ട്രമ്പിനെ ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട പ്രതിഷേധക്കാരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. കുടിയേറ്റ വിരുദ്ധനായ, വർഗീയവാദിയായ യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിനെ ബ്രിട്ടനിൽ കാലുകുത്താനനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാരുടെ ഒപ്പുശേഖരണം. ഹർജി ഫെബ്രുവരി 20ന് പാർലമെന്റെ് ചർച്ച ചെയ്യാൻ ഇരിക്കവേ ട്രംപ് ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യേണ്ടെന്ന് ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ജോൺ ബെർകോ വ്യക്തമാക്കി. വർഗീയതയ്ക്കും ലിംഗ വിവേചനത്തിനുമെതിരെ നിലകൊള്ളുന്ന പാർലമെന്റിന്റെ നിലപാടുകൾക്ക് എതിരായി പ്രവർത്തിക്കുന്ന യു.എസ് പ്രസിഡന്റിനെ വിലക്കണമെന്നാണ് സ്പീക്കർ ആവശ്യപ്പെടുന്നത്.
യു.എസുമായുള്ള ബന്ധത്തെ മാനിക്കുന്നതായും നയതന്ത്ര സന്ദർശനത്തിനും എതിരല്ലെന്ന് പറഞ്ഞ ബെർകോ ട്രംപിനെതിരായ പ്രധിഷേധങ്ങൾ വർധിച്ച് വരികയാണെന്നും ട്രംപിന്റെ നിലപാടുകൾക്ക് താൻ എതിരാണ് വ്യക്തമാക്കി. കുടിയേറ്റ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിന് മുമ്പേ ട്രംപിന്റെ നയങ്ങളെ താൻ എതിർത്തിരുന്നതായും ബെർകോ കൂട്ടിച്ചേർത്തു.
പാർലമെന്റിൽ ആർക്കൊക്കെ സംസാരിക്കാം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്ന മൂന്നംഗങ്ങളിൽ ഒരാളാണ് സ്പീക്കർ. ബ്രിട്ടീഷ് പാർലമെന്റിൽ സംസാരിക്കാൻ കഴിയാതിരുന്നാൽ ട്രംപിനു ഫെഡറൽ കോടതിയിൽ നിന്നും ലഭിച്ച തിരിച്ചടിയേക്കാൾ ആഘാതമായിരിക്കും അത്. പ്രധാനമന്ത്രി തെരേസ മെ ആണ് ട്രംപിനെ സന്ദർശനത്തിനായി ക്ഷണിച്ചിട്ടുള്ളത്. ട്രംപിന്റെ പരാമർശങ്ങളോട് ഇത് വരെ തെരേസ മെ പ്രതികരിച്ചിട്ടില്ല.
നേരത്തെ ട്രംപിന്റെ സന്ദർശനത്തിനെതിരെ ലണ്ടനിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലികൾ നടന്നിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങൾക്ക് വിസാ നിരോധനം ഏർപ്പെടുത്തിയ ഡോണൾഡ് ട്രംപിന്റെ ബ്രിട്ടീഷ് സന്ദർശനം റദ്ദാക്കണമെന്നാവശ്യപ്പട്ടു ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം രംഗത്തുവന്നിരുന്നു. മതവിശ്വാസത്തിന്റെ പേരിൽ സന്ദർശകർക്കു വിലക്കേർപ്പെടുത്തുന്ന പ്രസിഡന്റിന്റെ നടപടിയോട് ഒരിക്കലും യോജിക്കാനാകില്ലെന്നും ഈ ഉത്തരവു പിൻവലിക്കാത്തപക്ഷം ട്രംപിന്റെ സന്ദർശനം ഒഴിവാക്കണമെന്നും പ്രതിപക്ഷനേതാവും ലേബർ പാർട്ടി പ്രസിഡന്റുമായ ജെറമി കോർബിൻ ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ ചോദ്യംചെയ്യപ്പെടേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ സന്ദർശനനടപടികളുമായി മുന്നോട്ടുപോകുന്നതു ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദർശക നിരോധനം റദ്ദാക്കുന്നതുവരെ പ്രസിഡന്റിന്റെ ബ്രിട്ടീഷ് സന്ദർശനവും തടയണമെന്നു ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ടിം ഫാരനും അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം രാജ്ഞിയെ വിഷമഘട്ടത്തിലാക്കുന്ന നടപടിയാകും സർക്കാർ ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപ് നിരോധനം ഏർപ്പെടുത്തിയ ഏഴുരാജ്യങ്ങളിൽനിന്ന് ബ്രിട്ടനിലുള്ള പലർക്കും ഇരട്ടപൗരത്വമുണ്ട്.
സ്‌കോട്ടീഷ് നാഷണൽ പാർട്ടി നേതാവ് അലക്‌സ് സാൽമണ്ടും ലണ്ടൻ മേയർ സാദിഖ് ഖാനും ട്രംപിന്റെ ബ്രിട്ടീഷ് സന്ദർശനത്തിനെതിരെ രംഗത്തെത്തി. വിദേശകാര്യസെക്രട്ടറി ബോറിസ് ജോൺസണും ട്രംപിന്റെ നടപടിയെ വിമർശിച്ചു പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഏതെങ്കിലും രാജ്യത്തെ പൗരത്വത്തിന്റെ പേരിലോ മതവിശ്വാസത്തിന്റെ പേരിലോ ഉള്ള വിലക്കുകളോടു യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ നിലപാടുതന്നെയാണു പ്രധാനമന്ത്രിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസഌമിക ഭൂരിപക്ഷമുള്ള ഇറാൻ, ലിബിയ, ഇറാഖ്, സുഡാൻ, യെമൻ, സിറിയ, സോമാലിയ എന്നീ രാജ്യങ്ങളെയാണ് ട്രംപ് ഭരണകൂടം നിരോധിച്ചത്. പാകിസ്താൻ പോലെയുള്ള മറ്റു രാജ്യങ്ങളിലും സമാന പ്രശ്‌നങ്ങൾ കാണുന്നുണ്ടെന്നും ഇവയും ഭാവിയിൽ ഉൾപ്പെട്ടേക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട് വൈറ്റ്ഹൗസ്.
Top