കാര്‍ത്തികേയന്റെ മകനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസില്‍ ഗൂഡാലോചന: അട്ടിമറിക്കുപിന്നില്‍ മൂന്നു പേരെന്നു അന്വേഷണ റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തേത്തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ കെ.എസ്. ശബരീനാഥനു സ്ഥാനാര്‍ഥിത്വം ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ഉന്നതനേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നു പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ്, ‘കെ.പി.സി.സി. സെക്രട്ടറി മണക്കാട് സുരേഷിന് അരുവിക്കരയിലേക്കു സ്വാഗതം’ എന്ന പോസ്റ്റര്‍ പതിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡിെവെ.എസ്.പി: എം. ഇക്ബാലിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി: ഷഫിന്‍ അഹമ്മദ് അടിയന്തരനടപടി ശിപാര്‍ശചെയ്ത് ഡി.ജി.പിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് അന്നത്തെ ഭരണനേതൃത്വം ഇടപെട്ട് മുക്കി. ഈ ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ടാണു മുക്കിയത്. റൂറല്‍ എസ്.പി. അന്നത്തെ ഡി.ജി.പിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പിന്നീടു വെളിച്ചം കണ്ടില്ല. എന്നാല്‍, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ആഭ്യന്തരകാര്യത്തില്‍ പോലീസിനെ ഉപയോഗിക്കുന്നതില്‍ റൂറല്‍ എസ്.പി. കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണു പോസ്റ്റര്‍ വിവാദമുയര്‍ന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ ഡി.സി.സി. ജനറല്‍ സെക്രട്ടറി രഞ്ജകുമാറിന്റെ അടുത്ത അനുയായിയായ അനീഷാണു പോസ്റ്റര്‍ അരുവിക്കരയില്‍ പതിപ്പിച്ചത്. 2015 മാര്‍ച്ച് 29നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ഏഴിനുമുമ്പ് ആര്യനാട് നിയോജകമണ്ഡലത്തിലെ വിതുര, തൊളിക്കോട്, മലയടി, പറണ്ടോട്, ആര്യനാട്, കുറ്റിച്ചല്‍, പേഴുംമൂട്, പൂവച്ചല്‍, വെള്ളനാട്, അരുവിക്കര എന്നിവിടങ്ങളില്‍ ‘അരുവിക്കരയിലേക്കു മണക്കാട് സുരേഷിനു സ്വാഗതം’ എന്ന ബഹുവര്‍ണ പോസ്റ്റര്‍ പതിപ്പിച്ചത് കോണ്‍ഗ്രസ് നേതൃനിരയെ ഞെട്ടിച്ചു. തുടര്‍ന്ന് മണക്കാട് സുരേഷിന്റെ പരാതിപ്രകാരം അന്വേഷണം പോലീസ് ഏറ്റെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഡി.സി.സി. െവെസ് പ്രസിഡന്റ് ജലീല്‍ മുഹമ്മദടക്കം 16 കോണ്‍ഗ്രസ് നേതാക്കളെ ചോദ്യംചെയ്തു. പതിനായിരത്തോളം മൊെബെല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചു. സംസ്ഥാനത്തെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണു ഗൂഢാലോചന നടന്നതെന്ന മണക്കാട് സുരേഷിന്റെ മൊഴിയും പോലീസ് വിശദമായി പരിശോധിച്ചു. പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നാലുണ്ടാകുന്ന പ്രത്യാഘാതം ബോധ്യപ്പെട്ട അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനെയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയേയും അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശബരീനാഥ് പരാജയപ്പെട്ടേക്കുമെന്ന് അന്നത്തെ ഇന്റലിജന്‍സ് എ.ഡി.ജി.പി: എ. ഹേമചന്ദ്രന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നു കോണ്‍ഗ്രസിലെ ത്രിമൂര്‍ത്തികള്‍ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ഫ്രീസറിലാക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗം: സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് ഭാഗത്തുള്ള നേതാക്കളുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളും ടവര്‍ ലൊക്കേഷനും വിലാസവും പരിശോധിച്ചതില്‍ ആര്യനാട് കോട്ടയ്ക്കകം അനീഷ് എന്നയാള്‍ രാത്രിയിലുടനീളം സജീവമായി മൊെബെലില്‍ ബന്ധപ്പെട്ടിരുന്നതായി മനസിലാക്കി. ഇയാളുടെ പ്രവൃത്തികള്‍ സസൂക്ഷ്മം നിരീക്ഷിച്ചതില്‍ അനീഷ് കൃത്യദിവസം പകല്‍ നാഗര്‍കോവില്‍ ഭാഗത്തേക്കു സഞ്ചരിച്ചിരുന്നതായും തമിഴ്‌നാട്ടിലെ ഒരു വ്യക്തിയുമായി ഫോണില്‍ ബന്ധപ്പെട്ട് പലതവണ സംസാരിച്ചിരുന്നതായും തെളിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അനീഷ് ആര്യനാട്‌ െകെരളി പ്രിന്റേഴ്‌സ് നടത്തുന്ന ഹരിയെ സമീപിച്ച് കുറച്ചു പോസ്റ്റര്‍ അടിച്ചുതരണമെന്നും അടുത്തദിവസംതന്നെ കിട്ടണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ഉടന്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നു ഹരി പറഞ്ഞതിനേത്തുടര്‍ന്നാണു ശിവകാശിയിലെ ഏതെങ്കിലും പ്രസിലോ ഏജന്റിനെയോ പരിചയപ്പെടുത്തിത്തന്നാല്‍ മതിയെന്നും താന്‍ അവിടെ നേരിട്ടുപോയി പോസ്റ്റര്‍ അടിപ്പിച്ചുകൊള്ളാമെന്നും അനീഷ് പറഞ്ഞതനുസരിച്ച് ഹരി ശിവകാശിയിലുള്ള ഒരു ഏജന്റായ മുനിയസ്വാമിയെ പരിചയപ്പെടുത്തിക്കൊടുക്കുകയും അയാളുടെ ഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും െകെമാറുകയും ചെയ്തു. തുടര്‍ന്ന് ഹരി, മുനിസ്വാമിയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരം െകെമാറുകയായിരുന്നു.
അടുത്തദിവസം മുനിയസ്വാമി നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് 2500 രൂപ അനീഷ് അയച്ചുകൊടുത്തു. അക്കൗണ്ട് നമ്പര്‍ എസ്.എം.എസ്. മുഖാന്തിരമാണു െകെമാറിയത്. പറഞ്ഞുറപ്പിച്ച തുക തന്റെ അക്കൗണ്ടില്‍ എത്തിയതിനേത്തുടര്‍ന്ന് മുനിയസ്വാമി ശിവകാശിയിലുളള സിന്ദൂരം ഓഫ്‌സെറ്റ് പ്രസില്‍ പോസ്റ്റര്‍ അച്ചടിപ്പിച്ചു. 2015 മാര്‍ച്ച് 28നു രാവിലെ 10.30നു ശിവകാശിയില്‍നിന്നു നാഗര്‍കോവിലിലേക്കു പോകുന്ന ബസില്‍ കയറ്റിവിട്ടശേഷം ബസിന്റെ നമ്പരും ഡ്രൈവറുടെ ഫോണ്‍ നമ്പരും അനീഷിന് എസ്.എം.എസ്. ചെയ്യുകയായിരുന്നു. അന്നു രാത്രി തന്റെ സുഹൃത്തുക്കളോടൊപ്പം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.
പരാതിയുമായി ബന്ധപ്പെട്ട് ഞാന്‍ അനീഷിനെക്കണ്ട് വിവരം തിരക്കിയ വേളയില്‍ അയാള്‍ എന്നോടു പറഞ്ഞ കാര്യങ്ങളെല്ലാം കളവാണ്. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തേത്തുടര്‍ന്നു മുമ്പ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മണക്കാട് സുരേഷിന്റെ ഖ്യാതി നശിപ്പിക്കുന്നതോടൊപ്പം കാര്‍ത്തികേയന്റെ കുടുംബാംഗങ്ങള്‍ക്കു പരാതിക്കക്ഷിയില്‍ വിദ്വേഷം ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി രഞ്ജകുമാറിന്റെ സന്തതസഹചാരി അനീഷ് ഇപ്രകാരം പ്രവര്‍ത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top