അടുത്ത മാസം മുതൽ ഡബ്ലിൻ നഗരത്തിൽ കാറുകൾക്ക് നിയന്ത്രണം വരുന്നു. പ്രൈവറ്റ് കാറുകളുടെ സഞ്ചാര നിയന്ത്രണം അടുത്ത മാസം മുതല്‍ നടപ്പിലാക്കുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി. ആദ്യ ഘട്ടത്തില്‍ Bachelors Walk-ലെ North Quays-ലും Burgh Quay, Aston Quay എന്നിവിടങ്ങളിലെ South Quays-ലും ആണ് പ്രൈവറ്റ് കാറുകള്‍ക്ക് നിയന്ത്രണമുണ്ടാകുക. ഡബ്ലിന്‍ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് പ്ലാന്‍ 2023 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നിയന്ത്രണം ഓഗസ്റ്റ് 25 മുതല്‍ നിലവില്‍ വരും.
തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ഈ നിയന്ത്രണങ്ങള്‍ ഉണ്ടാകുക. മറ്റ് സമയങ്ങളില്‍ എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളില്ലാതെ ഇതുവഴി കടന്നുപോകാം. റോഡില്‍ പുതിയ മാര്‍ക്കുകള്‍, സൈന്‍ ബോര്‍ഡുകളിലെ മാറ്റങ്ങള്‍ എന്നിവ ഇവിടങ്ങളില്‍ ഉണ്ടാകും. നഗരത്തിലെ മറ്റിടങ്ങളിലെല്ലാം തല്‍സ്ഥിതി തന്നെ തുടരുമെന്നും കൗണ്‍സില്‍ അറിയിച്ചു.
പ്രദേശവാസികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടെങ്കിലും, അവര്‍ക്ക് സഞ്ചാരത്തിനായി പുതിയ റൂട്ടുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടേക്കാം. മിക്ക ആശുപത്രി റൂട്ടുകളിലും നിയന്ത്രണങ്ങളുണ്ടാകില്ലെന്നും, സിറ്റി സെന്റര്‍ കാര്‍ പാര്‍ക്കുകളിലേയ്ക്കുള്ള വഴിയിലും പഴയത് പോലെ സഞ്ചരിക്കാമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.