ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ കനത്ത പിഴ; 200 പൗണ്ട് പിഴ ഈടാക്കാൻ നീക്കം

സ്വന്തം ലേഖകൻ
ലണ്ടൻ : രാജ്യത്ത് വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ സാഹചര്യത്തിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവരുടെ പിഴ തുകയിൽ വൻ വർധനവ് വരുത്താൻ സർക്കാർ നടപടികൾ ആലോചിക്കുന്നു. മാർച്ച് ആദ്യവാരം മുതൽ പിഴ തുക വർധിപ്പിച്ചുള്ള ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മൊബൈൽ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാൽ പിഴ 200 പൗണ്ടായിരിക്കും. കൂടാതെ ഡ്രൈവിങ് ലൈസൻസിൽ ആറു പെനാൽറ്റി പോയിന്റ് ഇടുകയും ചെയ്യും. നേരത്തെ 100 പൗണ്ടായിരുന്നു പിഴ . ശിക്ഷാ നടപടികൾ ഇരട്ടിയാക്കാനുള്ള സർക്കാർ തീരുമാനം ആണ് മാർച്ച് 1 മുതൽ ആരംഭിച്ചത്.
പുതിയ ഡ്രൈവർമാർ സൂക്ഷിച്ചില്ലെങ്കിൽ ലൈസൻസും പോകും. കാരണം ആദ്യത്തെ രണ്ട് വർഷം കൊണ്ട് 6 പോയിന്റ് ആയാൽ അവരുടെ ഡ്രൈവിംഗ് ലൈസൻസ് തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാകും. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഡ്രൈവ് ചെയ്യാനുള്ള സാധ്യത പുതിയ ഡ്രൈവർമാരിൽ കൂടുതലാണ്. മറ്റുള്ളവർക്ക് 12 പോയിന്റ് ആകുമ്പോൾ മാത്രമാണ് ഒരു നിരോധനം നേരിടേണ്ടി വരിക.
വാഹനം ഓടിക്കുന്നതിനിടെ മാത്രമല്ല, ചുവപ്പു സിഗ്‌നലിൽ പോലും മൊബൈൽ ഉപയോഗിക്കാൻ ഡ്രൈവർമാർക്ക് അനുമതിയില്ല. വാഹനത്തിൽത്തന്നെ സ്റ്റാൻഡിൽ വച്ചുള്ള ഉപയോഗവും അനുവദിക്കില്ല. സ്പീക്കർ ഫോണിലുള്ള ഉപയോഗവും പിഴ ക്ഷണിച്ചുവരുത്തും.
അടിയന്തരഘട്ടങ്ങളിൽ 999, 112 നമ്പരുകളിലേക്കു വിളിക്കാൻ ഡ്രൈവർമാർക്ക് അനുമതിയുണ്ട്. എന്നാൽ ഈ സമയവും വാഹനപരിശോധനയ്ക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ പിടികൂടുന്നപക്ഷം കാര്യം ബോധ്യപ്പെടുത്താൻ ഡ്രൈവർ ബാധ്യസ്ഥനായിരിക്കും.
പിഴ 200 പൗണ്ടാക്കി വർദ്ധിപ്പിച്ചതും, പെനാൽറ്റി പോയിന്റ് ആറിലേക്ക് ഉയർത്തിയതും ജനങ്ങളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആർഎസി റോഡ് സേഫ്റ്റി വക്താവ് പീറ്റ് വില്ല്യംസ് വ്യക്തമാക്കി. നിരീക്ഷിക്കാൻ ആവശ്യത്തിന് റോഡ് ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കാത്തത് മൂലം ഫോൺ ഉപയോഗിക്കുന്നവർ സുഖമായി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വില്ല്യംസ് പറയുന്നു.
Top