ദുബായ്: കൊറോണ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ അറബ് രാജ്യങ്ങളിൽ 17 ലക്ഷത്തിലധികം പേർക്ക് ഈ വർഷം ജോലി നഷ്ടപ്പെടുമെന്ന് യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആന്റ് സോഷ്യൽ കമ്മിഷൻ ഫോർ വെസ്റ്റ് ഏഷ്യ (ഇ.എസ്.സി.ഡബ്ല്യൂ.എ) പുറത്തിറക്കിയ നയരേഖയിൽ പറയുന്നു.കൊറോണ വ്യാപനം തടയുന്നതിനായി രാജ്യങ്ങൾ അതിർത്തികൾ അടക്കുകയാണ്. പൊതുസ്ഥലങ്ങളിൽ നിന്ന് ആളുകളെ വിലക്കുകയും ജീവനക്കാരെ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യം ഇതിന് മുൻപ് നേരിടേണ്ടി വന്നിട്ടില്ല. ഇത് സാമ്പത്തിക ആഘാതത്തിന്റെ കാഠിന്യം കൂട്ടുകയാണ്.
എണ്ണവിലയിടിവും പൊതുസ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ മാർച്ച് പകുതി മുതൽ വ്യാപകമായി അടച്ചിടേണ്ടി വരുന്നതിന്റെ നഷ്ടവും വിലയിരുത്തുമ്പോൾ അറബ് രാജ്യങ്ങളുടെ ജി.ഡി.പിയിൽ 42 ബില്യൺ ഡോളറിന് മേൽ നഷ്ടം സംഭവിക്കും.വ്യാപകമായ അടച്ചിടൽ എത്ര കാലം നീളുന്നുവോ സാമ്പത്തിക രംഗത്ത് അത്രയും കാലം പ്രതിസന്ധി തുടരും.ഗൾഫ് നാടുകളിൽ വലിയ രീതിയിലാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഷോപ്പിംഗ് മാളുകൾക്കും വാണിജ്യകേന്ദ്രങ്ങൾക്കുമൊക്കെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ സമ്പദ്‌വ്യവസ്ഥയെ ഇതിനോടകം തന്നെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. ഈ സാഹചര്യം തുടർന്നാൽ സ്ഥിതി കൂടുതൽ മോശമാകും.