ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം വര്‍ധിച്ചുവരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിന് കുടുംബങ്ങളാണ് തെരുവില്‍ കഴിയുന്നത്. ഏറ്റവും കൂടുതലാളുകള്‍ വീടില്ലാതെ തെരുവില്‍ കഴിയുന്നത് ഡബ്ലിന്‍ ആണ്. 11700 വീടില്ലാത്തവരാണെന്ന് ഭവനവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 4220 പേരും ഡബ്ലിനിലാണ്.
‘ഹൗസ് ഫോര്‍ ഓള്‍’ പോലെയുള്ള പദ്ധതികള്‍ കൂടുതല്‍ കൃത്യതയോടെ ആവിഷ്‌കരിച്ചില്ലെങ്കില്‍ വരുംമാസങ്ങളില്‍ ഭവനരഹിതര്‍ ഇനിയും കൂടുമെന്ന് ചാരിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു. ഹോംലെസ് ഹൗസിംഗ് അസിസ്റ്റന്‍സ് പേയ്‌മെന്റ് (എച്ച്. എ. പി) പരിധിക്കുള്ളില്‍ ലഭ്യമായ സൗകര്യങ്ങളുടെ അഭാവമാണ് ഭവനരഹിതരുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. എച്ച്. എ. പി പരിധി ഉയര്‍ത്തുന്നത് ഭവനരാഹിത്യം കുറയ്ക്കുന്നതിനെ സഹായിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
കോവിഡ് പാന്‍ഡെമിക് സമയത്ത് ഭവനരഹിതരുടെ എണ്ണം കുറയ്ക്കുന്നതിന് കൂട്ടായ ശ്രമമുണ്ടായിരുന്നു. അതിലൂടെ ഭവരഹിതരുടെ എണ്ണം 2000-ത്തിലെത്തിക്കാനും കഴിഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ കൂടുതല്‍ സജീവമാക്കുകയാണ് വേണ്ടതെന്നും ചാരിറ്റികള്‍ ആവശ്യപ്പെടുന്നു. സോഷ്യല്‍ ഹൗസിംഗ് വര്‍ദ്ധിപ്പിച്ചും പ്രതിരോധം മെച്ചപ്പെടുത്തിയും ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതി പരിഷ്‌കരിച്ചു നടപ്പാക്കണമെന്ന് ചാരിറ്റികള്‍ നിര്‍ദ്ദേശിക്കുന്നു.