ബെൽഫാസ്റ്റ് : ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി അയര്‍ലന്റിലെ ബെൽഫാസ്റ്റിൽ അറസ്റ്റില്‍.നോര്‍ത്തേണ്‍ അയര്‍ലന്റില്‍ താമസിച്ചിരുന്ന ജോസ്‌മോന്‍ ശശി പൂഴിക്കപ്പറമ്പില്‍ ആണ് അറസ്റ്റിലായത്. ഭാര്യയെ കൊലപ്പെടുത്താനായി വീടിന് തീയിടുകയായിരുന്നു. 25 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.ജോസ്മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബര്‍ 22 ന് തുടങ്ങും. കൊലപാതക ശ്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഐന്‍ട്രിമില്‍ ആണ് അസാധാരണ സംഭവം നടന്നത് . ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നതെങ്കിലും ഭാര്യ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.ഇരയായ യുവതി ഭർത്താവ് ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലിനെ കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും ശരീരത്തിൻ്റെ 25% വരെ പൊള്ളലേറ്റിട്ടുണ്ട് . പ്രധാനമായും അരക്കെട്ട് മുതൽ ആണ് പൊള്ളൽ
ആന്‍ട്രിമില്‍ താമസിക്കുന്ന ജോസ്‌മോന്‍ ശശി പൂഴിക്കപ്പറമ്പില്‍ എന്ന 29 കാരനാണു പോലീസ് പിടിയില്‍ ആയിരിക്കുന്നത്. ഇയാളെ അടുത്ത വിചാരണ തീയതിയായ ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തീ പിടുത്തതിന് കാരണമായ മണ്ണെണ്ണ എവിടെ നിന്നും ലഭിച്ചുവെന്നതിലും സംശയം ഉയരുന്നുണ്ട്.
കൊലപാതക ശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും ആണ് കേസ് . ഇയാള്‍ക്ക് ഏതാനും വര്‍ഷത്തെ ജയില്‍ വാസം ഉറപ്പാണ് എന്ന് നിയമപണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും അരയ്ക്ക് മേല്‍പോട്ടു പൊള്ളലേറ്റ യുവതി അപകട നില തരണം ചെയ്തിട്ടുണ്ട് . ജീവിതകാലം മൊത്തം ഓര്‍മ്മയാകും വിധം ഉള്ള പരുക്കുകളാണ് യുവതിക്ക് ഏറ്റിരിക്കുന്നത് എന്ന റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വയറിന്റെ ഭാഗത്തും കൈകളിലും ആണ് പരുക്ക് പ്രധാനമായും സംഭവിച്ചിരിക്കുന്നത്. യുവാവ് ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു എന്നും പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തതും കേസില്‍ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്തപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയുമാണ്. വീടിനകത്തു പലയിടത്തായി പെട്രോളോ മണ്ണെണ്ണയോ എന്ന് ഉറപ്പിച്ചു പറയാനാകാത്ത ഇന്ധനത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ പുറത്തു വരുന്നതോടെ ഇക്കാര്യങ്ങള്‍ തെളിവായി കോടതിയിലെത്തും. അഗ്‌നിപിടുത്തം എന്നതിനേക്കാള്‍ ഉപരി പൊട്ടിത്തെറിക്ക് സമാനമായ ലക്ഷണങ്ങളാണ് വീടിനകത്തു കാണപ്പെട്ടത് എന്നും പറയപ്പെടുന്നു. ദമ്പതികള്‍ വാടകക്ക് എടുത്ത വീട്ടിലാണ് അനിഷ്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അപകടം ഉണ്ടാകുമ്പോള്‍ ജോസ്‌മോന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും അയാളുടെ ശരീരത്തില്‍ പൊള്ളലിന്റെ ചെറു സാന്നിധ്യം പോലും ഉണ്ടായിരുന്നില്ല എന്നും പോലീസ് പറയുന്നു. സ്വാഭാവികമായും ഒരാളെ പൊള്ളലേല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും പൊള്ളലേല്‍ക്കാന്‍ സാധ്യത ഉള്ള കാര്യവും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രധാന ഹാള്‍ മുതല്‍ മുന്‍വശത്തെ ഡോര്‍ വരെയുള്ള ഭാഗത്താണ് മണ്ണെണ്ണ വീണു തീ പിടിച്ചിരിക്കുന്നതെന്നും ജില്ലാ ജഡ്ജി പീറ്റര്‍ കിങ്ങിന്റെ മുന്നിലെത്തിയ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണെണ്ണ തീ പിടിക്കാന്‍ അഗ്‌നി സാന്നിധ്യം അനിവാര്യം ആയതിനാല്‍ ബോധപൂര്‍വമുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെയാകാം ഈ വീട്ടില്‍ തീ പിടുത്തം ഉണ്ടായതെന്നും പോലീസ് നിഗമനത്തില്‍ എത്തുന്നു.
അതിനിടെ കാറിന് ഒഴിക്കുന്ന ഓയില്‍ മറ്റൊരു കാനിലേക്ക് പകരുന്നതിനിടയില്‍ യുവതി ധരിച്ചിരുന്ന പൈജാമയിലേക്ക് വീണെന്നും അത് എത്രത്തോളം ഉണ്ടന്ന് വ്യക്തമായി കാണാന്‍ ലൈറ്റര്‍ തെളിയിച്ചപ്പോള്‍ തീ പിടിച്ചെന്നും ആണ് യുവതി പൊലീസിന് നല്‍കിയ ആദ്യ മൊഴി എന്നും സൂചനയുണ്ട്. ഇതേതുടര്‍ന്ന് യുവാവ് പൈജാമ ഊരാന്‍ സഹായിച്ചെന്നും യുവതിയെ ഷവര്‍ റൂമില്‍ എത്തിച്ചു വെള്ളം ഒഴിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അയല്‍വാസികള്‍ നല്‍കിയ മൊഴിയില്‍ സംഭവത്തിന് മുന്‍പ് കലഹം സംബന്ധമായ ബഹളം കേട്ടെന്നും തുടര്‍ന്നാണ് തീ പിടുത്ത സാധ്യത അറിയിക്കുന്ന അലാം ബെല്‍ മുഴങ്ങിയത് എന്നുമാണ്. ഇരുവരുടെയും താമസ സ്ഥലത്തു ബഹളം പതിവായിരുന്നു എന്നും ദമ്പതികള്‍ കലഹപ്രിയര്‍ ആയിരുന്നു എന്നുമാണ് അയല്‍വാസികള്‍ നല്‍കിയിരിക്കുന്ന മൊഴി.
യുവതി ശാരീരിക പീഡനത്തിന് ഇരയാകുന്നതിന്റെ തെളിവായി കറുത്ത് കരുവാളിച്ച പാടുകള്‍ ഉള്ള കണ്ണുകളുമായി ജോലിക്ക് എത്തിയ ഒന്നിലേറെ സംഭവങ്ങള്‍ ഉണ്ടെന്നു യുവതിയുടെ സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയും കേസില്‍ നിര്‍ണായകമാകും. ജാമ്യ അപേക്ഷയെ ജോസ്മോന്റെ അഭിഭാഷകന്‍ ശക്തമായി അവതരിപ്പിച്ചെങ്കിലും പകരം മാറിത്താമസിക്കാന്‍ ഉള്ള വിലാസം നല്‍കുന്നതില്‍ പരാജയപ്പെട്ടതോടെ ജാമ്യം അനുവദിക്കാന്‍ നിര്‍വാഹം ഇല്ലെന്നു ജഡ്ജി പ്രസ്താവിക്കുക ആയിരുന്നു. കേസിന്റെ അടുത്ത വിചാരണ നടക്കുന്ന 22 തിയതി വരെ ഇയാള്‍ റിമാന്‍ഡില്‍ കഴിയും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് ഫയര്‍ സര്‍വീസില്‍ നിന്നും അടിയന്തിര ജീവന്‍ രക്ഷയ്ക്കായി ആംബുലന്‍സ് സഹായം തേടിയുള്ള ഫോണ്‍കോള്‍ എത്തിയതെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയറിനാണ് പ്രധാനമായും പൊള്ളലേറ്റിരിക്കുന്നത്. പൊള്ളല്‍ ജീവഹാനിക്ക് കരണമായിട്ടില്ലെങ്കിലും എങ്കിലും പൊള്ളലിന്റെ തീവ്രത ഉള്ളതിനാല്‍ ഏറെനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരും. അടുത്തകാലത്ത് യുകെയില്‍ എത്തിയ കുടുംബമാണ് ഇവരുടേതെന്ന് ഐന്‍ട്രിമില്‍ നിന്നും മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ മലയാളി സംഘടനയില്‍ അംഗമാണ് എങ്കിലും കാര്യമായ സൗഹൃദങ്ങള്‍ ഇവര്‍ക്കില്ലെന്നാണ് പ്രാഥമിക സൂചനകള്‍.
എറണാകുളം സ്വദേശിയായ യുവാവും അങ്കമാലിക്കാരിയായ യുവതിയും കഴിഞ്ഞ രണ്ടര വര്‍ഷമായി ഐന്‍ട്രിമില്‍ എത്തിയിട്ട്. ഇവര്‍ കെയറര്‍ വിസയില്‍ പ്രമുഖമായ നഴ്സിംഗ് സ്ഥാപനത്തിലേക്ക് നടന്ന റിക്രൂട്‌മെന്റില്‍ ഇടം കണ്ടെത്തി എത്തിയവരാണ്. അടുത്തകാലത്ത് നാട്ടിലെത്തിയാണ് വിവാഹിതരായത് എന്നും പറയപ്പെടുന്നു. ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിക്ക് വേദന ഒഴിവാക്കാന്‍ സെഡേഷന്‍ നല്‍കിയിരിക്കുന്നതിനാല്‍ കാര്യമായ വിവരങ്ങള്‍ ഇവരില്‍ നിന്നും പുറത്തു വരുന്നില്ല. ഇവരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞവരോട് കേസില്‍ മുന്നോട്ടു പോകാന്‍ താല്‍പര്യം ഇല്ലെന്ന സൂചനയാണ് യുവതി നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇവര്‍ക്ക് സന്ദര്‍ശക വിലക്കുമുണ്ട്.
അടുത്തകാലം വരെ വെയര്‍ഹൗസില്‍ ജോലി ചെയ്തിരുന്ന ജോസ്‌മോന്‍ രണ്ടര മാസത്തിലേറെയായി ചെയിന്‍ റെസ്റ്റോറന്റില്‍ ആണ് ജോലി കണ്ടെത്തിയിരുന്നത്. ഇരുവരുടെയും സഹപ്രവര്‍ത്തകരായ മലയാളികള്‍ക്ക് ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ല എന്നതും ദുരൂഹമാണ്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തെക്കുറിച്ചു ഐന്‍ട്രിം മലയാളികള്‍ അറിയുന്നത് പ്രാദേശിക മാധ്യമങ്ങള്‍ പോലീസ് നല്‍കിയ വാര്‍ത്ത ഇന്നലെ പ്രസിദ്ധീകരിച്ചതോടെയാണ്.