ദമ്മാം: കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നും നാളിതുവരെ കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ 174 യാത്രക്കാരെ ദമ്മാമിൽ നിന്നും ഗോ എയർ വിമാനത്തിൽ നാട്ടിലെത്തിച്ച ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ‘ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി’ മാതൃകയായി. ജോലി നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞവരും ചികിത്സാർഥം മടങ്ങുന്നവരുമുൾപ്പെടെയുള്ള ഹതഭാഗ്യർക്ക് യാത്രാ സൗകര്യമൊരുക്കുമ്പോൾ, അവരിൽ നിന്നും യാതൊരുവിധ സാമ്പത്തിക ലാഭവും ഈടാക്കരുതെന്ന ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ തീരുമാനമാണ് ‘ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി’ യാഥാർഥ്യമാക്കിയത്.
അറാർ, ഹയിൽ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ പോലും ‘ഫ്ലൈ വിത്ത് ദമ്മാം ഓ ഐ സി സി’ യുടെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി. വിസിറ്റിംഗ് വിസയിൽ ഹയലിലെത്തിയ ഒരു സ്ത്രീ ലോക് ഡൗൺ കാരണം യഥാസമയം നാട്ടിൽ പോകാൻ കഴിയാതെ സൗദി അറേബ്യയിൽ വച്ച് തന്നെ ഒരു കുഞ്ഞിനെ പ്രസവിക്കുകയുണ്ടായി. തുടർന്ന് അവരുടെയും കുഞ്ഞിൻറെയും രേഖകൾ ശെരിയാക്കി നാട്ടിലേക്ക് പോകാൻ ഏറെ ബുദ്ധിമുട്ടിയ അവർ രണ്ടു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ഈ വിമാനത്തിൽ നിറഞ്ഞ സന്തോഷത്തോടെ യാത്ര ചെയ്യുകയുണ്ടായി. ജോലി നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞവരുമായ നിരവധിയാളുകൾക്ക് ‘ഫ്ലൈ വിത്ത് ദമ്മാം ഓ ഐ സി സി’ യുടെ കുറഞ്ഞ നിരക്കിലുള്ള വിമാനയാത്ര ഏറെ ഗുണം ചെയ്തതായി യാത്രക്കാർ സംഘാടകരോട് പറഞ്ഞു.
‘ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി’ ചാർട്ടേഡ് വിമാനത്തിൻറെ പ്രഖ്യാപനം നടത്തിയതുമുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തീകരിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങളും നിബന്ധനകളും പൂർണ്ണമായി പാലിച്ചുകൊണ്ടും സൗദി അധികൃതരുടെ നിർലോഭമായ സഹകരണത്തോടും കൂടിയാണ് ഷെഡ്യൂൾ ചെയ്ത ദിവസം തന്നെ ചാർട്ടേഡ് വിമാനത്തിൽ ഇത്രയുമാളുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കുവാൻ ദമ്മാം ഒ ഐ സി സി ക്ക് കഴിഞ്ഞത്. കൂടാതെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിൻറെ ഓഫീസും ‘ഫ്ലൈ വിത്ത് ദമ്മാം ഓ ഐ സി സി’ ക്ക് മികച്ച പിന്തുണയാണ് നൽകിയത്.
ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഇ.കെ.സലിം, ‘ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി’ ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, കോ – ഓർഡിനേറ്റർ ശിഹാബ് കായംകുളം, അഷറഫ് മൂവാറ്റുപുഴ, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, നിസാർ, പ്രസാദ് കരുനാഗപ്പള്ളി, തോമസ് തൈപ്പറമ്പിൽ. വണ്ടൂർ അബ്ദുൽ ഗഫൂർ, എ.കെ.സജൂബ്, ലാൽ അമീൻ, ഡെന്നീസ് മണിമല, ഹമീദ് കണിച്ചാട്ടിൽ, അസ്ലം ഫെറോക്ക്, നജീബ് നസീർ, ഷാഫി കുദിർ, അഷറഫ് കൊണ്ടോട്ടി, നവാസ് ഹൊഫൂഫ്, ജമാൽ സി മുഹമ്മദ്, നിഷാദ് നെസ്‌മ, സുധീർ ആലുവ എന്നിവരാണ് ഫ്ലൈ വിത്ത് ദമ്മാം ഓ ഐ സി സി ക്ക് നേതൃത്വം നൽകിയത്. ആഗസ്ററ് ഒന്നിന് കൊച്ചിയിലേക്ക് വീണ്ടും ചാർട്ടേഡ് വിമാന സർവീസ് നടത്തുവാൻ ദമ്മാം ഒ ഐ സി സി തീരുമാനിച്ചിട്ടുണ്ട്.