ജോർജ്ജ് ഫ്ലോയിഡിന്റെ മരണം: അമേരിക്കയിൽ പ്രതിഷേധം വ്യാപിക്കുന്നു. പ്രതിഷേധക്കാരെ ഭയന്ന് ട്രംപിനെ കുറച്ചു നേരം ഭൂഗർഭ ബങ്കറിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്.

ന്യൂയോർക്ക് :കറുത്ത വർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡ് പോലീസ് പീഡനത്തിൽ മരിച്ചതിനെ തുടർന്ന് അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയപ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറച്ചു നേരം ഭൂഗർഭ ബങ്കറിലേക്ക് മാറ്റിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നൂറു കണക്കിന് പ്രതിഷേധക്കാർ വൈറ്റ് ഹൗസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചപ്പോൾ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പ്രതിരോധിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ പ്രതിഷേധത്തിൽ ട്രംപും സംഘവും നടുങ്ങിപ്പോയതായി വാർത്തയിൽ പറയുന്നു. ഒരു മണിക്കൂർ നേരം പ്രസിഡന്റ് ബങ്കറിൽ കഴിഞ്ഞതായാണ് റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന ഭാര്യയെയും മകനെയും ബങ്കറിലേക്ക് മാറ്റിയോ എന്ന് വ്യക്തമല്ല. അതേ സമയം പ്രതിഷേധം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിനെ തുടർന്ന് വാഷിംഗ്‌ടൺ ഉൾപ്പെടെ നാൽപ്പതോളം നഗരങ്ങളിൽ ഇന്നലെ കർഫ്യൂ ഏർപ്പെടുത്തി.

Top