തിരുവനന്തപുരം: സൗദി അറേബ്യയില്‍ മാസങ്ങളോളം ശമ്പളവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുന്ന മലയാളികളടക്കമുള്ള തൊഴിലാളികള്‍ക്ക് സഹായവുമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രംഗത്ത്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 10 കോടി റിയാല്‍ അനുവദിച്ചു.
ശമ്പളം കൊടുക്കാത്ത കമ്പനികള്‍ക്കെതിരേ നടപടിയുമുണ്ടാകും. നിരവധി പരാതികള്‍ വരികയും രാജ്യാന്തര തലത്തില്‍ ഇടപെടലുണ്ടാവുകയും ചെയ്തപ്പോഴാണ് പ്രശ്നപരിഹാരത്തിന് രാജാവ് നേരിട്ട് ഇടപെട്ടത്. തൊഴിലാളികളുടെ ശമ്പളം മുഴുവന്‍ കൊടുത്തു തീര്‍ക്കാത്ത നിര്‍മാണ കമ്പനികള്‍ക്കു സര്‍ക്കാര്‍ പ്രവൃത്തിയിനത്തില്‍ നല്‍കാനുള്ള പണം നല്‍കില്ല. ജീവനക്കാരുടെ ശമ്പള കുടിശിക പൂര്‍ണമായി നല്‍കിയെന്നുറപ്പു വരുത്തിയ ശേഷമായിരുന്നു ഇവ നല്‍കുക.
അനുവദിച്ച 10 കോടി റിയാല്‍ സൗദി അറബ് ഫണ്ടില്‍ നിക്ഷേപിക്കുകയായിരിക്കും ചെയ്യുക. സൗദി ഓജര്‍, സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പുകല്‍ലാണ് തൊഴിലാളി പ്രശ്നം ആരംഭിച്ചത്. പിന്നീട് നിരവധി കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കുകയോ പിടിച്ചുവയ്ക്കുകയോ ആയിരുന്നു. നിര്‍മാണ മേഖലയിലാണു പ്രധാനമായും പ്രതിസന്ധി രൂപപ്പെട്ടത്.
പതിനായിരത്തോളം ഇന്ത്യക്കാര്‍ ശമ്പളം കിട്ടാതെ സൗദിയില്‍ കഴിയുന്നുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയതോടെയാണു രാജ്യാന്തര തലത്തില്‍ ഇടപെടലുണ്ടായത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് സൗദിയിലേക്കു പോവുകയും ചെയ്തിരുന്നു. ശമ്പളവും ഭക്ഷണവുമില്ലാതെ നിരവധി തൊഴിലാളികള്‍ ദുരിതത്തിലാണെന്നും റിപ്പോര്‍ട്ടു വന്നിരുന്നു.
ദുരിതത്തിലായ തൊഴിലാളികളുടെ താമസപ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കണമെന്നും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്. ശമ്പളം മുടങ്ങിയവര്‍ക്കുള്ള സര്‍ക്കാരിന്റെ സഹായം നേരിട്ടായിരിക്കും നല്‍കുക. തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള എല്ലാ സഹായവും നല്‍കണമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിനോടും രാജാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ മടക്കത്തിനുള്ള പണം തൊഴില്‍ദാതാവില്‍നിന്നായിരിക്കും ഈടാക്കുക.