റിയാദ്: ലോകമെമ്പാടുമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ ഭീതി വിതക്കുകയാണ് .ചൈനയ്ക്ക് പുറത്ത് കൊറോണ പതിനേഴിരട്ടി വേഗത്തിൽ പടരുകയാണ് .അതിനിടെ ലോകരാജ്യങ്ങളിലേക്ക് കൊറോണ വ്യാപകമായി പടരാൻ കാരണക്കാർ ഇറാനെന്ന് സൗദി അറേബ്യ. ഇറാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും കാര്യമായ നടപടി ഇറാൻ സ്വീകരിച്ചില്ലെന്നാണ് സൗദിയുടെ ആരോപണം. വൈറസ് വ്യാപകമായി ബാധിച്ച രാജ്യങ്ങൾ മറ്റു രാജ്യങ്ങളിലെ പൗരൻമാർ എത്തുന്നത് വിലക്കിയിരുന്നു. എന്നാൽ ഇറാൻ അത്തരത്തിലുള്ള നടപടികളൊന്നും സ്വീകരിച്ചില്ല ഇത് ഇറാനിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ സൗദി പൗരൻമാർക്കും മറ്റുള്ളവർക്കും വൈറസ് ബാധിക്കാൻ കാരണമായി എന്നാണ് ഇറാനെ സൗദി അറേബ്യ കുറ്റപ്പെടുത്തിയത്.
കൊറോണ ബാധിച്ച് ഇറാനിൽ 107 പേർ മരിച്ചെന്നാണ് അധികൃതർ പറയുന്നത്, എന്നാൽ യഥാർത്ത വസ്തുത ഇറാൻ മറച്ച് വയ്ക്കുകയാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.സൗദി അറേബ്യയിൽ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേർ ഇറാനിൽ നിന്ന് ബഹ്റൈൻ വഴി മടങ്ങിയെത്തിവരും നാലാമത്തെയാൾ കുവൈറ്റ് വഴിയെത്തിതുമാണ് ഇയാളുടെ ഭാര്യക്കും വൈറസ് പടർന്നിട്ടുണ്ട്. ലോകമെമ്പാടും കോവിഡ്-19 പടർന്നതിൽ ഇറാന്റെ ബന്ധം സൂചിപ്പിക്കുന്ന തെളിവാണിത്.
വൈറസിനെ നേരിടാനുള്ള ലോകരാഷ്ട്രങ്ങളുടെ ശ്രമത്തെ ഇത് ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് സൗദി ആരോപിച്ചു.ഒരു കാരണവശാലും സൗദി പൗരൻമാർ ഇറാനിലേക്ക് പോകാൻ പാടില്ലെന്നും ഈ നിബന്ധന ലംഘിച്ചാൽ ഗുരുതരമായ നടപടികൾ നേരിടേണ്ടിവരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫെബ്രുവരി ഒന്ന് മുതൽ ഇറാൻ സന്ദർശിച്ച സൗദി പൗരൻമാരുടെ വിവരങ്ങൾ കൈമാറണമെന്നും സൗദി ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.