ദൂരം ഉപേക്ഷിച്ച് എന്‍എസ്എസ്: രണ്ട് മണ്ഡലങ്ങളില്‍ ബിജെപിക്കും മറ്റു സീറ്റുകളിൽ യുഡിഎഫിനും പിന്തുണ; പിരിച്ചുവിട്ട താലൂക്ക് യൂണിയൻ പ്രസിഡൻ്റിൻ്റെ വെളിപ്പെടുത്തൽ

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്യാന്‍ എന്‍എസ്എസ് ആഹ്വാനം. രണ്ട് സീറ്റില്‍ ബിജെപിക്കും വോട്ടു ചെയ്യാനാണ് തീരുമാനമെന്ന തുറന്നുപറച്ചിലുമായി മാവേലിക്കര താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് ടി.കെ.പ്രസാദ്. ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും, മറ്രിടങ്ങളില്‍ കോണ്‍ഗ്രസിനുമാണ് വോട്ട് ചെയ്യാന്‍ തീരുമാനം.

മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് യൂണിയന്‍ ഓഫീസില്‍ സ്വീകരണം നല്‍കിയ എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടതിനുപിന്നാലെയാണ് മുന്‍ പ്രസിഡന്റിന്റെ ആരോപണം. യു.ഡി.എഫ്, ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിയതിന്റെ പേരിലാണ് എന്‍.എസ്.എസ് മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.എസ്.എസിന്റെ പിന്തുണ ബി.ജെ.പിക്കെന്ന് മറ്റ് മണ്ഡലങ്ങളില്‍ യു.ഡി.എഫിനും അനുകൂലമായ നിലപാടുമെടുക്കണമെന്ന് എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശിച്ചിരുന്നുവെന്ന് ടി.കെ.പ്രസാദ് പറഞ്ഞു. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ സമദൂര നയമല്ല എന്‍.എസ്.എസ് പുലര്‍ത്തുന്നതെന്നും ഇടത് സ്ഥാനാര്‍ഥികളുമായി സഹകരിക്കേണ്ടതില്ലായെന്നാണ് വാക്കാല്‍ നല്‍കിയ നിര്‍ദേശമെന്നും പ്രസാദ് പറയുന്നു.

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദും നാല് അംഗങ്ങളുമാണ് ഇവിടെ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം കരയോഗം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിക്കണമെന്ന അറിയിപ്പ് യൂണിയന്‍ കമ്മിറ്റി നിരാകരിച്ചിരുന്നു. ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും ചിലയിടങ്ങളില്‍ യു.ഡി.എഫിനും പിന്തുണ നല്‍കുകയെന്ന നയത്തിനെതിരായി വിയോജനക്കുറിപ്പ് നല്‍കിയതും പുറത്താക്കലിന് കാരണമായി.

‘എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടത് നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടിനെ എതിര്‍ത്തതിലുള്ള പ്രതികാരമാണെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദ് പറഞ്ഞു.

കരയോഗാംഗങ്ങളെ ഇടതു പക്ഷത്തിനെതിരായി അണിനിരത്തി വോട്ട് യു.ഡി.എഫിന് ഉറപ്പാക്കണമെന്നുള്ള നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതാണ് നടപടിക്കു കാരണമായത്.

മതേതര സ്വഭാവം ഉള്‍ക്കൊള്ളുന്നതായിരിക്കണം എന്‍.എസ്.എസ് നയമെന്നും ഇതര ജാതി മത വിഭാഗങ്ങള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും എന്‍.എസ്.എസില്‍ അംഗമാകാമെന്നും അവര്‍ നായര്‍ സമുദായ അംഗങ്ങള്‍ ആകണമെന്ന് മാത്രമേ നിബന്ധനയുള്ളൂവെന്നും സമുദായാചാര്യന്‍ പറഞ്ഞിരുന്നു. നേതൃത്വത്തിന്റെ ഇത്തരം ചെയ്തികള്‍ ജനാധിപത്യ വിരുദ്ധമാണെന്നും ടി.കെ പ്രസാദ് പറഞ്ഞു.

Top