വോട്ടിങ്ങ് യന്ത്രം പണിമുടക്കി: ജില്ലയില്‍ ചിലയിടങ്ങളില്‍ വോട്ടിങ്ങ് തടസപ്പെട്ടു

കോട്ടയം: തുടക്കത്തില്‍ വോട്ടിങ്ങ് യന്ത്രം ചിലയിടങ്ങളില്‍ പണിമുടക്കിയത് വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും വെട്ടിലാക്കി. സാങ്കേതിക തകരാര്‍ മൂലവും തെറ്റായ രീതിയില്‍ യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്തിയതുമൊക്കെ വോട്ടിങ്ങ് തടസപ്പെടുന്നതിനു കാരണമായി. പത്തു മിനിറ്റു മുതല്‍ രണ്ടര മണിക്കൂര്‍ വരെ വോട്ടിങ്ങ് തടസപ്പെട്ട സ്ഥലങ്ങളുണ്ട്.
ഉദയനാപുരം ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് വൈക്കപ്രയാര്‍ തോട്ടാറമിറ്റം ബൂത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ തുടര്‍ച്ചയായി കേടായതുമൂലം വോട്ടിംഗ് 2 മണിക്കൂറോളം തടസ്സപ്പെട്ടു. രാവിലെ 7.30 ന് വോട്ടിംഗ് യന്ത്രം കേടായതിനെ തുടര്‍ന്ന് മറ്റൊരെണ്ണം കൊണ്ടുവന്ന് വോട്ട് ആരംഭിച്ചെങ്കിലും അതും പണിമുടക്കി. തുടര്‍ന്ന് മൂന്നാമത് സെററ് ചെയ്ത് വോട്ടിംഗ് യന്ത്രം ബാറ്ററിചാര്‍ജ്ജ് ഇല്ലാത്തതിനെതുടര്‍ന്ന് വീണ്ടും വോട്ടിംഗ് തടസ്സപ്പെട്ടു. 9.30 ഓടു കൂടി നാലാമതൊന്ന് കൊണ്ടുവന്ന് വോട്ടിംഗ് പുനരാരംഭിച്ചു.

വോട്ടിങ്ങ് യന്ത്രത്തിന്റെ തകരാര്‍ മൂലം വെള്ളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കെ.എം.സ്‌കൂളില്‍ രാവിലെ 9.30നാണു വോട്ടിങ്ങ് ആരംഭിക്കാന്‍ കഴിഞ്ഞത്. തലയോലപ്പറമ്പ് പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പൊതി ലിറ്റില്‍ ഫഌവര്‍ സ്‌കൂളിലെ ബൂത്തിലും യന്ത്രത്തകരാറിനെത്തുടര്‍ന്നു രണ്ടര മണിക്കൂര്‍ വൈകിയാണു പോളിങ്ങ് ആരംഭിച്ചത്. ഉദയനാപുരം പഞ്ചായത്തിലെ ഏഴാംവാര്‍ഡിലെ വൈക്കപ്രയാര്‍ സ്‌കൂളിലു ഒരു മണിക്കൂറിലേറെ പോളിങ്ങ് തടസപ്പെട്ടു. വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കേയാണു പോളിങ്ങ് തടസപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാമ്പാടി എം.ഡി.എല്‍.പി. സ്‌കൂളിലെ പതിനാറാം നമ്പര്‍ വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിഴവു സംഭവിച്ചത് മൂലം ഒരു മണിക്കൂറിലേറെ പോളിങ്ങ് വൈകി. മുപ്പതു പേര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ്ങ് ഓഫീസര്‍ അബദ്ധത്തില്‍ ക്ലോസ്ഡ് ബട്ടണ്‍ അമര്‍ത്തിയതാണു വോട്ടിങ്ങ് തടസപ്പെടാന്‍ കാരണം. പുതിയ യന്ത്രം എത്തിച്ചാണ് പോളിങ്ങ് പുനരാരംഭിച്ചത്. മണര്‍കാട് പഞ്ചായത്ത് 1-ാം വാര്‍ഡിലെ 2-ാം നമ്പര്‍ ബൂത്തിലും അയ്മനം പഞ്ചായത്തിലെ പരിപ്പ് സ്‌കൂളിലെ 19-ാം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലും ഒരു മണിക്കൂറിലേറെ പോളിങ്ങ് തടസപ്പെട്ടു. മുളക്കുളം പഞ്ചായത്തിലെ അറുനൂറ്റിമംഗലം ഒമ്പതാം വാര്‍ഡിലെ സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ അരമണിക്കൂര്‍ വൈകിയാണ് പോളിങ്ങ് ആരംഭിച്ചത്. കടുത്തുരുത്തി പഞ്ചായത്തിലെ വെള്ളാശേരി വാര്‍ഡിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലും ഒരു മണിക്കൂറിലേറെ പോളിങ്ങ് തടസപ്പെട്ടു. മാഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ ബൂത്തിലും 15 മിനിറ്റ് പോളിങ്ങ് തടസപ്പെട്ടിരുന്നു.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ പെരിങ്ങളം സെന്റ അഗസ്റ്റിന്‍ യു.പി. സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ രണ്ടു മണിക്കൂര്‍ വോട്ടിംഗ് തടസപ്പെട്ടു. 24 പേര്‍ വോട്ടു ചെയ്തു കഴിഞ്ഞപ്പോഴാണ് മെഷീന്‍ തകരാറിലായത്.
കറുകച്ചാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ എം.ജി.എം. ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറിലേറെയാണു വോട്ടിങ്ങ് തടസപ്പെട്ടു.
കോട്ടയം നഗരസഭ 40-ാം വാര്‍ഡില്‍ പള്ളത്ത് ഒന്നാം നമ്പര്‍ ബൂത്തില്‍ രാവിലെ അര മണിക്കൂര്‍ വോട്ടിങ്ങ് തടസപ്പെട്ടിരുന്നു. മീനച്ചില്‍ പഞ്ചായത്തിലെ കൊട്ടാരം വാര്‍ഡില്‍ ഒരാള്‍ വോട്ടു ചെയ്തു കഴിഞ്ഞപ്പോള്‍ മെഷീന്‍ തകരറിലായി. ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് വോട്ടിങ്ങ് പുനരാരംഭിക്കാനായത്. പള്ളിക്കത്തോട് പഞ്ചായത്തില്‍ ആനിക്കാട് സെന്റ് തോമസ് സ്‌കൂളില്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ യന്ത്രത്തകരാറിനെത്തുടര്‍ന്നു പോളിങ്ങ് തടസപ്പെട്ടു.
കൊടിനാട്ടുകുന്ന് എസ്.എന്‍.ഡി.പി. ബൂത്തില്‍ യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഒരുമണിക്കൂറിനുശേഷം പകരം മെഷീന്‍ എത്തിച്ചാണ് വോട്ടിങ്ങ് നടത്തിയത്. മാടപ്പള്ളി സി.എസ്.യു.പി. സ്‌കൂളിലെ രണ്ടു ബൂത്തുകളില്‍ യന്ത്രം പ്രവര്‍ത്തിക്കാതെ വന്നതിനെത്തുടര്‍ന്നു പത്തുമിനിറ്റു വൈകി.
തൃക്കൊടിത്താനം അമര പി.ആര്‍.ഡി.എസ്. സ്‌കൂളിലെ ബൂത്തിലും യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഒരുമണിക്കൂര്‍ വൈകിയാണ് വോട്ടിങ്ങ് നടത്തായത്. വാഴപ്പള്ളി ഏനാചിറ ലിസ്യൂ എല്‍.പി.എസിലെ ഒന്നാം നമ്പര്‍ ബൂത്തിലും വോട്ടിങ്ങ യന്ത്രത്തിന് തകരര്‍ സംഭവിച്ചു. കുറിച്ചി അഞ്ചാം വാര്‍ഡിലെ എ.വി.എച്ച്.എസ്. സ്‌കൂളില്‍ മുക്കാല്‍മണിക്കൂറോളം വൈകിയാണു വോട്ടിങ്ങ് നടത്താനായത്. വാഴപ്പള്ളി പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തായ വാഴപ്പള്ളി സാംസ്‌ക്കാരിക നിലയത്തില്‍ അല്‍പസമയം വൈകിയാണു വോട്ടിങ്ങ് ആരംഭിച്ചത്.

Top