കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ നാളെ നടത്താനിരുന്ന പത്രസമ്മേളനം മാറ്റിവച്ചു. പോലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കന്യാസ്ത്രീയെ പിസി ജോര്‍ജ്ജ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇത് പരാതിക്കാരിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും അതിനാല്‍ മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചുവെന്നും അവര്‍ അറിയിച്ചു.
കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്ത പോലീസ് ഇടപെടലിനെതിരെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഇന്ന് എറണാകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അധിക്ഷേപ പരാമര്‍ശങ്ങളുമായി പി.സി.ജോര്‍ജ് എംഎല്‍എ രംഗത്തെത്തിയത്. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും അദ്ദേഹത്തിനെതിരെ പരാതി നല്‍കുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.
ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13-ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. ഇതിനിടെ, പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംങ്ഷനില്‍ നിരാഹാര സമരം തുടരുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതു കൊണ്ടാണു പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നു കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാണു ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റ നേതൃത്വത്തില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്. കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്നു പറഞ്ഞ കന്യാസ്ത്രീയുടെ കുടുംബം, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കുമെന്നു വ്യക്തമാക്കി.