
കൊച്ചി: മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി സഭയില്‍ പരിഷ്‌കരണത്തിന് വാദിക്കുന്ന കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനം (കെസിആര്‍എം) ചൂണ്ടിക്കാട്ടുന്നു.ഇവരുടെ അന്യോഷണം എങ്ങനെ നടക്കുന്നു. സഭയുടെ താല്‍പര്യം എത്രമാത്രം സത്യസന്ധതയോടെയാണ് മുന്നോട്ട് പോകുന്നത് ?തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നു .സംസ്ഥാനത്ത് കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുമ്പോഴും അന്വേഷണത്തിന് പോലും താത്പര്യമില്ലാതെ സഭാ നേതൃത്വം നിലകൊള്ളുന്നു എന്നാണ് പരക്കെ ആരോപണം ഉത്തരേന്ത്യയിലെ പള്ളികളിലെ മോഷണ ശ്രമങ്ങള്‍ പോലും ക്രൈസ്തവ വേട്ടയായി ചിത്രീകരിച്ച് നാടിളക്കി പ്രതിഷേധിക്കുന്ന സഭാധികൃതര്‍ കര്‍ത്താവിന്റെ മണവാട്ടിമാരുടെ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ മൗനത്തിലൊളിക്കുന്നത് ദുരൂഹമാകുന്നു.
1987 ജൂലൈ ആറിന് കൊല്ലത്തെ മഠത്തില്‍ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര്‍ ബീന, തൃശ്ശൂരില്‍ സിസ്റ്റര്‍ ആന്‍സി, കൊല്ലം തില്ലേരിയില്‍ സിസ്റ്റര്‍ മഗ്‌ദേല എന്നിവരുടെ മരണങ്ങളും പിന്നീട് വിവാദമായി. 1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയും സഭയിലെ ഉന്നതര്‍ക്കെതിരെ സിബിഐ കേസെടുക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. 1993ല്‍ സിസ്റ്റര്‍ മേഴ്‌സി, 1998ല്‍ പാലായിലെ സിസ്റ്റര്‍ ബിന്‍സി കോഴിക്കോട് കല്ലുരുട്ടിയില്‍ സിസ്റ്റര്‍ ജ്യോതിസ, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി, 2006ല്‍ റാന്നിയിലെ സിസ്റ്റര്‍ ആന്‍സി വര്‍ഗ്ഗീസ് കോട്ടയം വാകത്താനത്ത് സിസ്റ്റര്‍ ലിസ, 2008ല്‍ കൊല്ലത്ത് സിസ്റ്റര്‍ അനുപ മരിയ, 2011ല്‍ കോവളത്ത് സിസ്റ്റര്‍ മേരി ആന്‍സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചു.
ഏറ്റവുമൊടുവില്‍ ഈ മാസം ഒന്നിന് വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സപ്തംബര്‍ 17ന് പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ സഭയുടെ നിലപാട് ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്തിലും ന്യൂനപക്ഷ പീഡനം ആരോപിക്കുന്ന സഭ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ദിവസങ്ങള്‍ വൈകിയിട്ടും വാ തുറന്നില്ല. പ്രതിയായ സതീഷ് ബാബുവിനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ചേറ്റുതോട് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെയും കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ഒരു വര്‍ഷത്തിനിടെ 15ഓളം കന്യാസ്ത്രീ മഠങ്ങളില്‍ ആക്രമണം നടത്തിയതായും സതീഷ് ബാബു സമ്മതിച്ചിരുന്നു. ഒരിടത്തും സഭാധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നത് ഭയപ്പെടുത്തുന്നതാണ്. കന്യാസ്ത്രീ മഠങ്ങള്‍ ആക്രമത്തിനിരയാകുമ്പോള്‍ സഭാനേതൃത്വം പുലര്‍ത്തുന്ന നിസംഗത മറ്റ് പല സംശയങ്ങളും ഉയര്‍ത്തുന്നു.
കൊലപാതകങ്ങള്‍ ആത്മഹത്യയാക്കിയും ദുരൂഹ മരണങ്ങള്‍ സ്വാഭാവിക മരണങ്ങളാക്കിയും എഴുതിത്തള്ളാന്‍ സഭാധികൃതര്‍ ആവേശം കാണിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടപെടലാണ് പലതും ചര്‍ച്ചയാക്കിയത്. പുറത്തറിയാതെ സഭ ഒതുക്കിത്തീര്‍ത്ത നിരവധി മരണങ്ങള്‍ ഉണ്ടെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മഠത്തിനുള്ളിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യകള്‍ക്ക് കാരണമാകുന്നത്. ഇതും അന്വേഷണത്തിലുള്‍പ്പെടുത്തണമെന്ന് കെസിആര്‍എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റെജി ഞള്ളാനി പറഞ്ഞു. മഠങ്ങളിലെ സംഭവങ്ങള്‍ മൂടിവയ്ക്കുന്നതിന് സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് സംശയകരമാണ്. കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ പുരോഹിതരും പങ്കാളികളാണെന്ന് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നു. ഇത്തരം സംഭവങ്ങള്‍ ഉന്നത ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.