കൊച്ചി: അമേരിക്കയിൽ ഭർത്താവിനാൽ കൊല്ലപ്പെട്ട മെറിനെയും കുട്ടിയെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിൻ എന്ന ഫിലിപ്പ് മാത്യു(34) നേരത്തെയും കൊലവിളി നടത്തിയിട്ടുണ്ടെന്ന് മെറിന്റെ പിതാവ് ജോയി വെളിപ്പെടുത്തി. ഇത്തവണ മെറിൻ നാട്ടിൽ വന്നപ്പോൾ വിവാഹബന്ധം വേർപ്പെടുത്താൻ കോടതിയെ സമീപിച്ച ശേഷമാണ് മടങ്ങിയത്. ഫിലിപ്പിന് അമേരിക്കയിൽ പറയത്തക്ക ജോലിയില്ലായിരുന്നു. മകൾക്ക് ലഭിക്കുന്ന ശമ്പളം പൂർണമായി വാങ്ങി ചെലവഴിച്ചിരുന്നത് ഫിലിപ്പാണെന്നും ഇയാൾ ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു.
മെറിൻ അമേരിക്കയിൽ എത്തിയ ശേഷവും ഫിലിപ്പുമായി ബന്ധപ്പെട്ടിരുന്നു. മെറിന്റെ ഗർഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകർത്തിയിരുന്നു. അവ അടുത്തകാലത്ത് മെറിന് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ മരിച്ചുപോയ മകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് കാണിച്ച് മെറിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും മെറിനെ സ്വഭാവഹത്യ ചെയ്യുന്നതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നതെന്നും അസഭ്യവർഷവും ഉണ്ടെന്നും ജോയി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
അതേ സമയം മെറിനെ അമേരിക്കയിൽ തന്നെ അടക്കും .അമേരിക്കയിൽ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. സംസ്കാരം അടുത്ത ശനിയാഴ്ച അമേരിക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. സൗത്ത് ഫ്ലോറിഡയിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഭർത്താവ് നിവിൻ കുത്തി വീഴ്ത്തിയതിനുശേഷം കാർ കയറ്റി ഓടിച്ചുപോയത് .
മെറിൻ ജോയിയുടെ മൃതദേഹം കുഞ്ഞു നോറയെ കാണിക്കാനായിരുന്നു ശ്രമം. ഭർത്താവായിരുന്നു മെറിനെ കൊന്നത്. ഫിലിപ്പ് മാത്യു എന്ന നെവിൻ അഴിക്കുള്ളിലാണ്. അതിനിടെ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരും ഇടപെട്ടു. ന്യുയോർക്കിലേക്ക് കൊണ്ടു വന്ന് ആദ്യ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് എംബാം ചെയ്യാൻ കഴിയില്ലെന്ന സൂചനകൾ എത്തിയത്. ഇതോടെ ശനിയാഴ്ച അമേരിക്കയിൽ തന്നെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചു.
മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങും.ഫ്‌ളോറിഡ ഡേവിയിലെ ജോസഫ് എ. സ്‌കെറാനോ ഫ്യൂണറൽ ഹോമിലാണു ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്.നാളെ അമേരിക്കൻ സമയം ഉച്ചയ്ക്കു 2 മുതൽ 6 വരെയാണ് (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ തിങ്കളാഴ്ച പുലർച്ചെ 3.30 വരെ) ഇതിനുള്ള സമയമെന്ന് യുഎസിലുള്ള ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം മയാമിയിൽ നിന്ന് ന്യൂയോർക്കിൽ എത്തിച്ച ശേഷം ആദ്യ വിമാനത്തിൽത്തന്നെ ഇന്ത്യയിലേക്കെത്തിക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് എംബാം ചെയ്യാനാകില്ലെന്ന മനസ്സിലാക്കുന്നത്. ഇതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഡിസംബറിൽ നാട്ടിൽ വന്ന മെറിൻ രണ്ട് വയസ്സുള്ള നോറയെ അച്ഛനും അമ്മയ്ക്കുമൊപ്പം നിർത്തിയാണ് തിരിച്ച് അമേരിക്കയിൽ എത്തിയത്. കുടുംബ പ്രശ്‌നങ്ങൾ കാരണമായിരുന്നു ഇത്. ഇതിനിടെയാണ് ഭർത്താവ് കുത്തി പരിക്കേൽപ്പിച്ച ശേഷം കാറു കയറ്റി മെറിനെ കൊലപ്പെടുത്തിയത്.