ഒമാനില്‍ ഇന്ന് ചരിത്ര ദിനം; സുല്‍ത്താന്‍ ഖാബൂസിന് ആശംസാ പ്രവാഹം

മസ്‌കറ്റ്: ഒമാന്‍ ഇന്ന് 48-ാമത് നവോത്ഥാന ദിനം ആഘോഷിക്കും. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നായകത്വത്തില്‍ രാജ്യം സുരക്ഷയും സമാധാനവും വളര്‍ച്ചയും സമുന്നതിയും ഐശ്വര്യവും നേടിയതിന്റെ വാര്‍ഷികദിനമാണ് ഇന്ന്. വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളുമായി ആഘോഷിക്കുന്ന ഈ ചരിത്ര ദിവസത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന് രാജ്യവും ജനങ്ങളും അഭിവാദ്യമേകി. നവോത്ഥാന ദിനത്തിന്റെ ഭാഗമായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സുല്‍ത്താന് നിരവധി ആശംസാ സന്ദേശങ്ങള്‍ ലഭിച്ചു.

വിവിധ രാഷ്ട്ര നായകരും ആശംസകള്‍ നേര്‍ന്നു. നവോത്ഥാന ദിനത്തിന്റെ ഭാഗമായി ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രിയ ഭരണാധികാരി രാജ്യത്തിന് നല്‍കിയ സംഭാവനകളുടെ ഓര്‍മ പുതുക്കല്‍ കൂടിയാണിത്. 1970 ജൂലൈ 23നാണ് ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ക്ക് സുല്‍ത്താന്‍ ഖാബൂസ് തുടക്കമിട്ടത്. നവോത്ഥാന ദിന സ്മരണ പുതുക്കി സുല്‍ത്താന്‍ ഖാബൂസിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ആഘോഷത്തിന്റെ ഭാഗമായി പാതയോരങ്ങളിലും ആഘോഷവേദികളിലുമെല്ലാം ദേശീയ പതാക നിറഞ്ഞു നില്‍ക്കുകയാണ്. തലസ്ഥാനമായ മസ്‌കറ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ദീപപ്രഭയിലാണ്. നവോത്ഥാന ദിനത്തോട് അനുബന്ധിച്ചു സൈനിക മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്ക് ഇന്നു പ്രവേശനം സൗജന്യമായിരിക്കും. ഒമാന്റെ സൈനിക ചരിത്രത്തിന്റെ തിളക്കമാര്‍ന്ന ശേഖരമാണ് ഇവിടെയുള്ളത് പ്രവേശനം രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടുവരെയാണു. കൂടാതെ നവോത്ഥാന ദിനാഘോഷം പ്രമാണിച്ച് 115 വിദേശികളടക്കം 274 തടവുകാരെ വിട്ടയയ്ക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ഉത്തരവുമിട്ടിട്ടുണ്ട്.

Top